ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെ റെയിൽവേ ട്രാക്കിലെ അറ്റകുറ്റ പണികൾക്കിടെ ട്രയിൻ തട്ടി മരിച്ചത് 361 തൊഴിലാളികൾ. എ എ റഹിം എംപിക്ക് രാജ്യസഭയിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തൽ.
16 സോണുകളിലായാണ് ട്രാക്ക്മെൻ, ട്രാക്ക് വുമൺ, കീമെൻ, കീവുമൺ അടക്കമുള്ള തൊഴിലാളികൾ റെയിൽവേയുടെ അനാസ്ഥ കാരണം കൊല്ലപ്പെട്ടത്.
തൊഴിലാളികളുടെ സുരക്ഷയ്‌ക്ക് എന്ത് ചെയ്‌തുവെന്ന ചോദ്യത്തിന് കൗൺസലിങ് നടത്തുന്നുണ്ടെന്നും സുരക്ഷാ ഹെൽമെറ്റും സുരക്ഷാ പാദരക്ഷയും നൽകുന്നുണ്ടെന്നുമുള്ള വിചിത്രമായ ഉത്തരമാണ് മന്ത്രി നൽകിയത്. 50ൽപരം റെയിൽവേ ഡിവിഷനുകളിൽ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് ട്രാക്കിൽ തൊഴിലാളികൾ ജോലിയെടുക്കുന്നത്.അതേസമയം നവീന സംവിധാനങ്ങൾ ഉപയോഗിച്ച് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എ എ റഹിം ആവശ്യപ്പെട്ടു.