കൊട്ടാരക്കരയില്‍ ഡോ. വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധം നയിച്ച നേതാവായിരുന്നു ഡോ.റുവൈസ്.
അന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ റുവൈസ് നടത്തിയ പ്രസംഗവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരോഗ്യമേഖലയിലെ സുരക്ഷാപ്രശ്നം അടക്കം ചൂണ്ടിക്കാട്ടി ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറും സ്ത്രീധനമായി ചോദിച്ച് സഹപാഠിയായ പ്രണയിനിയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുത്തത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിലാണ് പി.ജി. ചെയ്തിരുന്നത്. ജീവനൊടുക്കിയ ഡോ. ഷഹന സര്‍ജറി വിഭാഗത്തിലുമാണ് ഉണ്ടായിരുന്നത്.
അതേസമയം ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മല്‍ പ്രതികരിച്ചു.
സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാര്‍ത്ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ട്. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ടു വര്‍ഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്.
കേസില്‍ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുൻകൂര്‍ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഡോ. ഷഹ്നയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.