KeralaNEWS

മിച്ചഭൂമി വിഷയത്തിൽ പിവി അൻവർ എംഎൽഎയുടെ പ്രസ്താവനകൾ പുച്ഛിച്ച് തള്ളുന്നു; ഭീഷണി ഇങ്ങാട്ട് വേണ്ട, മാനനഷ്ടത്തിന് കേസ് കൊടുക്കും: വിവരാവകാശ പ്രവർത്തകൻ കെ.വി. ഷാജി

കോഴിക്കോട്: മിച്ചഭൂമി വിഷയത്തിൽ പിവി അൻവർ എംഎൽഎയുടെ പ്രസ്താവനകൾ പുച്ഛിച്ച് തള്ളുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. സർക്കാർ നിയോഗിച്ച സമിതി തന്നെയാണ് മിച്ചഭൂമി കണ്ടെത്തിയത്. അൻവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തിയാണ് മിച്ചഭൂമി കണ്ടെത്തിയതെന്നും കെവി ഷാജി പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിലാണ് പിവി അൻവർ എംഎൽഎക്കെതിരെ വിമർശനവുമായി ഷാജി രം​ഗത്തെത്തിയത്.

ഷാജഹാനുമായി ഒരു ബന്ധവും ഇല്ല. കണ്ടിട്ടു പോലുമില്ല. ഹോട്ടലിൽ പോയതിൻ്റെ ഉൾപ്പെടെ തെളിവുകൾ ഉണ്ട് എന്ന് പറയുന്നു. ഇതുവരെ കാണാത്ത ആളെ കുറിച്ചാണ് അൻവർ പറയുന്നത്. ഈ തെളിവുകൾ അൻവർ കോടതിയിൽ ഹാജരാക്കണം. അൻവറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. അൻവറിൻ്റെ ഭീഷണി വേണ്ടെന്നും ഷാജി പറഞ്ഞു. അൻവറുൾപ്പെടെ കൈവശം വച്ചിട്ടുള്ള മിച്ച ഭൂമി കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള പോരാട്ടം തുടരും. അൻവർ ഇതുവരെ ഒരു രേഖയും കൃത്യമായി ലാൻഡ് ബോർഡ് മുന്നിൽ ഹാജരാക്കിയിട്ടില്ല. 6 .24 ഏക്കർ ഭൂമി കണ്ട് കെട്ടാനുള്ള ഉത്തവ് ഉണ്ടായിട്ട് പോലും അൻവർ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിൽ കൂടുതൽ മിച്ചഭൂമി അൻവറിനുണ്ട്. അത് പിടിക്കാനുള്ള പോരാട്ടം തുടരും. ലാൻഡ് ബോർഡ് ഉത്തരവിന് സ്റ്റേ ഉണ്ടെന്ന് പറയുന്നു. സ്റ്റേ ഉണ്ടെങ്കിൽ അതിനെതിരെ നിയമ പോരാട്ടം നടത്തും. കേസിലെ രണ്ടാം കക്ഷിയെന്ന നിലയിൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഷാജി പറഞ്ഞു.

Signature-ad

തനിക്ക് അനധികൃത ഭൂമി ഇല്ല. അൻവർ തൻ്റെ പേരിൽ ഭൂമി വാങ്ങിയോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ അതിൻ്റെ രേഖകൾ പുറത്ത് വിടണം. സത്യവാങ് മൂലത്തിൽ രണ്ടാം ഭാര്യയെ കുറിച്ച് പറഞ്ഞിട്ടില്ല. പിന്നീടാണ് അപേക്ഷ നൽകി ലാൻഡ് ബോർഡിന് വിശദീകരണം നൽകിയത്. ഇനിയും ഇത്തരം തട്ടിപ്പുകൾ അദ്ദേഹം നടത്തും. തലമുറകളായി കൈമാറി വന്ന ഭൂമി എന്ന അൻവറിൻ്റെ വാദം തെറ്റാണ്. പലതും ഭീഷണിപ്പെടുത്തി കൈക്കലാക്കിയതാണ്. രേഖകൾ കിട്ടുന്ന മുറക്ക് പുറത്ത് വിടും. ഭീഷണിയും പ്രലോഭനങ്ങളും ഇപ്പോഴും ഉണ്ട്. വിദേശങ്ങളിൽ നിന്ന് വരെ ഭീഷണി സന്ദേശങ്ങൾ വരാറുണ്ട്. അപായപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ നടന്നതായി സംശയിക്കുന്നുവെന്നും കെവി ഷാജി പറഞ്ഞു.

Back to top button
error: