SportsTRENDING

മുംബൈയ്ക്ക് തോൽവി; വിജയ് ഹസാരെയില്‍ ചരിത്രനേട്ടത്തിനരികെ കേരളം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍  ചരിത്ര നേട്ടത്തിനരികെ കേരളം. ഗ്രൂപ്പ് എ ചാന്പ്യന്മാരായി നോക്കൗട്ടില്‍ പ്രവേശിക്കാനുള്ള സാധ്യതയാണ് കേരളത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്.

ഇന്നലെ നടന്ന  മത്സരത്തില്‍ മുംബൈ 53 റണ്‍സിന് ത്രിപുരയോട് പരാജയപ്പെട്ടതോടെയാണ് കേരളത്തിന് ഈ‌ സാധ്യത തുറന്നുകിട്ടിയിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ജയത്തിന് ശേഷമായിരുന്നു മുംബൈയുടെ തോല്‍വി. ഇതോടെ മുംബൈക്കും കേരളത്തിനും 20 പോയിന്‍റ് വീതമായി. എന്നാല്‍, നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ മുംബൈയാണ് (1.952) ഒന്നാമത്. കേരളത്തിന്‍റെ റണ്‍റേറ്റ് 1.916 ആണ്.

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നാളെ കേരളം റെയില്‍വേസിനെയും മുംബൈ ഒഡീഷയെയും നേരിടും. മുംബൈ തോല്‍ക്കുകയും കേരളം ജയിക്കുകയും ചെയ്താല്‍ സഞ്ജു സാംസണിനും സംഘത്തിനും ഗ്രൂപ്പ് ചാന്പ്യന്മാരാകാം. മറിച്ച്‌ ഇരു ടീമും ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മുംബൈയ്ക്ക് തന്നെയാവും സാധ്യത.

Signature-ad

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോണ്ടിച്ചേരിയെ 32.2 ഓവറില്‍ 116ന് പുറത്താക്കിയ കേരളം 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടിയിരുന്നു. 13 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും അടക്കം 35 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍.

ഇതോടെ ആറ് മത്സരങ്ങളില്‍ നിന്നും കേരളത്തിന് 20 പോയിന്‍റായി. കേരളത്തിനായി അഖില്‍ സ്കറിയയും സിജൊമോൻ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: