NEWSWorld

ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി യൂറോപ്പ് 

ഞ്ഞുകാലമായ ഡിസംബറിന് ഒരു പ്രത്യേക സൗന്ദര്യമാണുള്ളത്.ഡിസംബര്‍ എന്നു പറഞ്ഞാല്‍ തന്നെ മഞ്ഞും തണുപ്പും ക്രിസ്മസും ഒക്കെയാണ്. ഈ സമയത്താണ് പലരും കൂടുതൽ യാത്രകള്‍ പോകാൻ ആഗ്രഹിക്കുന്നത്.

യുറോപ്പില്‍ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണ്  ഡിസംബര്‍ മാസം. കാരണം  തണുപ്പും മഞ്ഞും ക്രിസ്മസിനെ വരവേല്‍ക്കാൻ തെളിയുന്ന നക്ഷത്രവിളക്കും അലങ്കാരങ്ങളും ഓരോ നഗരത്തിനും നാടിനും കൂടുതല്‍ സൗന്ദര്യമാണ് നല്‍കുന്നത്.

Signature-ad

തണുപ്പ് അല്‍പ്പം കൂടുതലാണെങ്കിലും യുറോപ്പിന്റെ ശരിക്കുള്ള ഭംഗി ആസ്വദിക്കാൻ ഡിസംബറിനേക്കാള്‍ നല്ലൊരു മാസം വേറെയില്ല. മഞ്ഞും തണുപ്പും ക്രിസ്മസും കേക്കും വൈനും എല്ലാം ഒരുമിച്ചെത്തുന്ന മനോഹരമായ ഡിസംബറില്‍ യാത്ര പോകാൻ പറ്റിയ ചില രാജ്യങ്ങള്‍ ഇതാ.

ക്രിസ്മസിനെ വരവേല്‍ക്കാൻ ഒരുങ്ങിനില്‍ക്കുന്ന സ്വിറ്റ്സര്‍ലൻഡ്

ക്രിസ്മസും തണുപ്പും മഞ്ഞും ഒരുമിച്ചെത്തുന്ന സ്വിറ്റ്സര്‍ലൻഡ് ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകളില്‍ ഒന്നാണ്. മഞ്ഞു പുതച്ച ആല്‍പ്സ് പര്‍വത നിരകളും ക്രിസ്മസ് മാര്‍ക്കറ്റുകളും ഒരു സ്വപ്ന ലോകത്തിന്റെ പ്രതീതിയാണ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യയുള്ളതിനാല്‍ സ്വിറ്റ്സര്‍ലൻഡിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ ആവശ്യത്തിന് ശൈത്യകാല വസ്ത്രങ്ങള്‍ കരുതിയിരിക്കണം. മൈനസ് ഒന്നു മുതല്‍ നാലു വരെയാണ് ഈ സമയത്ത് ഇവിടുത്തെ താപനില.

ഓസ്ട്രിയയിലെ സാന്താക്ലോസ്

ക്രിസ്മസ് കാലത്ത് സന്ദര്‍ശിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ് മധ്യ യൂറോപ്പിലെ ഓസ്ട്രിയ. ഇവിടുത്തെ പ്രധാന നഗരങ്ങളായ വിയന്നയും സാല്‍സ് ബര്‍ഗും ക്രിസ്മസ് കാലത്ത് അതിസുന്ദരമാണ്. സാന്തകളുമായി അണിഞ്ഞൊരുങ്ങി സഞ്ചാരികളെ സ്വീകരിക്കാൻ കാത്തു നില്‍ക്കുന്ന മാര്‍ക്കറ്റുകളാണ് ക്രിസ്മസ് കാലത്തെ ഓസ്ട്രിയയിലെ മറ്റൊരു ആകര്‍ഷണം. സ്കീയിങ്ങിന് അനുയോജ്യമായ ഓസ്ട്രിയൻ ആല്‍പ്സും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

ജര്‍മനി

ക്രിസ്മസ് കാലത്ത് അത്യാകര്‍ഷകമായി ഒരുങ്ങി നില്‍ക്കുന്ന മാര്‍ക്കറ്റുകളാണ് ജര്‍മനിയുടെ ആകര്‍ഷണം. മ്യൂണിക്ക്, ന്യൂറംബെര്‍ഗ്, കൊളോഗ്നെ എന്നിവ പേരു കേട്ട ക്രിസ്മസ് മാര്‍ക്കറ്റുകളാണ്. ആഘോഷവേളയാണെന്നത് തന്നെയാണ് ഈ സമയത്ത് ജര്‍മനിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. നല്ല തണുപ്പുള്ള സമയമായതിനാല്‍ ഈ സമയത്ത് സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും. അതുകൊണ്ടു തന്നെ ശാന്തമായ ഒരു ‍ജര്‍മൻ സഞ്ചാരത്തിന് ഡിസംബറിനേക്കാള്‍ അനുയോജ്യമായ സമയം വേറെയില്ല. ഒപ്പം ക്രിസ്മസ് ദീപങ്ങളാല്‍ അലംകൃതമായ നഗരങ്ങളും അടിപൊളി ഭക്ഷണവും ആസ്വദിക്കാം.

ജപ്പാൻ സന്ദര്‍ശിക്കാൻ ഏറ്റവും മികച്ച സമയം

വിനോദയാത്രയ്ക്കായി ജപ്പാനിലേക്ക് പോകാൻ ഏറ്റവും മികച്ച സമയമായി കണക്കാക്കപ്പെടുന്നത് ഡിസംബര്‍ ആണ്. മഞ്ഞുകാലത്തെ അലങ്കാര ദീപങ്ങള്‍ ടോക്കിയോ, ക്യോട്ടോ നഗരങ്ങളെ മനോഹരക്കും. ഈ സമയത്ത് യാത്ര വളരെ ശാന്തവും കാലാവസ്ഥ സുഖകരവും ആയിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. വലിയ ബഹളങ്ങളില്ലാതെ യാത്ര ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ജപ്പാനിലേക്ക് ഡിസംബറില്‍ പോകാം.

Back to top button
error: