Fiction

അലസത ജീവിതം ശിഥിലമാക്കും, ഒന്നും നാളത്തേയ്ക്ക് മാറ്റിവെക്കരുത്;  സമയം ഏറ്റവും  വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക

വെളിച്ചം

        ആ ഗുരുവിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു.  ഒരാളൊഴികെ എല്ലാവരും മിടുക്കന്മാരുമായിരുന്നു. മടിയായിരുന്നു അവന്റെ പ്രധാന പ്രശ്‌നം. അവനെ മിടുക്കനാക്കാന്‍ പല വഴികള്‍ ശ്രമിച്ചുവെങ്കിലും അതൊന്നും അവനില്‍ ഒരു മാറ്റവും ഉണ്ടാക്കിയതേയില്ല.

Signature-ad

ഒരു ദിവസം ഗുരു അവന് കറുത്ത നിറത്തിലൊരു ഒരു കല്ല് നല്‍കിയിട്ട് പറഞ്ഞു:
“ഈ കല്ല് ഏതെങ്കിലും ഇരുമ്പില്‍ വെച്ചാല്‍ ആ ഇരുമ്പ് സ്വര്‍ണ്ണമായി മാറും.  നാളെ വൈകുന്നേരം വരെ ഈ കല്ല് നിനക്ക് സ്വന്തമാണ്. ഞാന്‍ ഒരു യാത്രപോവുകയാണ്. തിരികെ വരുമ്പോള്‍ ഈ കല്ല് നീ എന്നെ ഏല്‍പ്പിക്കണം.”

ഗുരു യാത്രയായി.  സമ്പന്നനാകാൻ ലഭിച്ച അസുലഭ നിമിഷമാണിത്.  പക്ഷേ, അവന്‍ കരുതി. ഇന്ന് ഇത്രയും വൈകിയില്ലേ, നാളെയാകട്ടെ…

   രാവിലെ അടുത്തുളള ഇരുമ്പ് വില്‍ക്കുന്ന കടയില്‍പോകണം. ഇരുമ്പ് വാങ്ങി അതെല്ലാം സ്വര്‍ണ്ണമാക്കി മാറ്റാം.  കൃത്യമായ പ്ലാനിങ്ങോടെ അവന്‍ ഉറങ്ങാന്‍ കിടന്നു.
രാവിലെ എഴുന്നേറ്റപ്പോള്‍ നന്നേ നേരം വൈകി.  ഭക്ഷണം കഴിച്ചിട്ടാകാം യാത്ര എന്നായി.  വിഭവസമൃദ്ധമായ സദ്യയായിരുന്നു അന്നത്തെ ഭക്ഷണം. നന്നായി വയറു നിറഞ്ഞപ്പോള്‍ വീണ്ടും ക്ഷീണമായി.
വൈകുന്നേരം വരെ സമയമുണ്ടല്ലോ… ഒന്ന് വിശ്രമിച്ചിട്ടാകാം പുറപ്പെടുന്നത്. വിശ്രമത്തിനിടയില്‍ അവന്‍ അഗാധമായ ഉറക്കത്തില്‍പെട്ടു.
കണ്ണ് തുറന്നപ്പോള്‍ വൈകുന്നേരമാകാറായി.  കല്ലുമെടുത്ത് പുറത്തിറങ്ങിയപ്പോഴേക്കും ഗുരു യാത്ര കഴിഞ്ഞ് തിരിച്ചെത്തി.
കുറച്ച് നേരം കൂടി അവന്‍ കല്ല് തനിക്ക് തരാന്‍ ആവശ്യപ്പെട്ടെങ്കിലും ഗുരു അനുവാദം നല്‍കിയതേയില്ല.  ധനികനാകാനുള്ള അസുലഭമായ അവസരം നഷ്ടപ്പെടുത്തിയതിനെയോര്‍ത്ത് അവന്‍ ദുഃഖിച്ചു.

സമയത്തിന് വിലകല്‍പിക്കാത്തവര്‍ക്ക് ജീവിതത്തില്‍ ഒന്നും നേടാന്‍ സാധിക്കില്ല. ചെയ്യാനുള്ള ഒരു കാര്യത്തേയും പിന്നീടൊരവസരത്തിലേക്ക് മാറ്റിവെക്കരുത്. സമയം ആര്‍ക്കുവേണ്ടിയും കാത്ത് നില്‍ക്കില്ല.  നാളെയെന്നൊന്നില്ല.  ഇന്ന്, ഈ നിമിഷം… അത് മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്.  ഇന്നിനെ, ഈ നിമിഷത്തെ സമ്പൂര്‍ണ്ണമാന്‍ ശ്രമിക്കാം.

ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: