കോട്ടയം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, 29 ശാഖകളിലെ ഒഴിവുകളിൽ നിയമനം നടത്തുക, ഒ.എ.റ്റി.ഡി മാർക്ക് അനുകൂലമായ കോടതി വിധി നടപ്പിലാക്കുക, കൃത്യമായ വേക്കൻസികൾ പ്രഖ്യാപിക്കുക, ജീവനക്കാർക്കുമേൽ അശാസ്ത്രീയമായി അക്കൗണ്ടബിലിറ്റി ചുമത്തുന്ന നടപടികൾ പിൻവലിക്കുക തുടങ്ങിയ 9 ആവശ്യങ്ങളുന്നയിച്ച് ബാങ്കിലെ അംഗീകൃത സംഘടനകളായ കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും (ബി.ഇ.എഫ്.ഐ) നേതൃത്വത്തിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ പണിമുടക്കി. ജില്ലയിലെ മുഴുവൻ ശാഖകളും റീജിയണൽ ഓഫീസും അടഞ്ഞ് കിടന്നു. പണിമുടക്കിയ ജീവനക്കാർ കോട്ടയം റീജിയണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി.
പണിമുടക്ക് സമരം ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു ഉദ്ഘാടനം ചെയ്തു. കെ.ജി.ബി.ഒ.യു ജില്ലാ പ്രസിഡന്റ് ബില്ലി ഗ്രഹാം വി.എസ് അദ്ധ്യക്ഷനായ യോഗത്തിൽ സെൻട്രൽ കമ്മിറ്റി അംഗം രമ്യ രാജ് സ്വാഗതവും കെ.ജി.ബി.ഒ.യു ജില്ലാ സെക്രട്ടറി നിതീഷ് എം.ആർ. നന്ദിയും പറഞ്ഞു. ബി.ഇ.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, ജില്ലാ സെക്രട്ടറി കെ.കെ. ബിനു, ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്, ബി.ടി.ഇ.എഫ് ജില്ലാ പ്രസിഡന്റ് സി. നാരായണൻ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, കെ.ജി.ബി.ജെ.എ.യു ജില്ലാ കമ്മിറ്റി അംഗം സതീശൻ.എസ്, കെ.ജി.ബി.ഇ.യു ജില്ലാ സെക്രട്ടറി എബിൻ.എം. ചെറിയാൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.