കൊല്ലം: മാസം ലക്ഷങ്ങൾ വരുമാനുണ്ടായിരുന്ന സോഷ്യൽ മീഡിയ താരമായ അനുപമ, യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് മാതാപിതാക്കളുടെ ഗൂഢാലോചനയിൽ പങ്കാളിയായതെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതിയെ ആദ്യം എതിർത്തെങ്കിലും യൂട്യൂബ് വരുമാനം നിലച്ചതോടെ അനുപമയും വഴങ്ങിയെന്നാണ് പൊലീസ് കണ്ടെത്തൽ. സെലിബ്രിറ്റി ഫാഷൻ ആസ്പദമാക്കിയുള്ള അനുപമയുടെ യൂട്യൂബ് ചാനലിന് അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്.
അനുപമ പത്മൻ എന്ന പേരിൽ പേരിൽ അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് അക്കൗണ്ടാണ് കുറ്റവാളികളില്‍ ഒരാളായ അനുപമയ്ക്ക് ഉള്ളത്. പതിഞ്ഞയ്യായിരം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും സ്വന്തം പേരിൽ ഒരു വെബ്സൈറ്റും അനുപമയ്ക്കുണ്ട്. ഒരു വർഷത്തിനിടെയാണ് അനുപമ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായത്. പ്രധാനമായും സെലിബ്രിറ്റി ഫാഷൻ കേന്ദ്രീകരിച്ചായിരുന്നു അനുപമയുടെ വീഡിയോകളും റീലുകളും. ഉള്ളടക്കങ്ങളിൽ നിറയെ കർദാഷിയാൻ സഹോദരിമാരാണ്. വെബ്സൈറ്റിൽ നിറയെ തെരുവ് നായകളോടുള്ള സ്നേഹവും നിറഞ്ഞ് നില്‍ക്കുന്നു.
ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് കോഴ്സിന് ചേർന്നെങ്കിലും എൽഎൽബി പഠിക്കണം എന്നുള്ള ആഗ്രഹം കൊണ്ട്, അനുപമ ഇടവേളയെടുത്തു. ഈ കാലയളവിലാണ് സാമൂഹ്യമാധ്യമങ്ങളിൽ സജീവമായത്. മാസം മുന്നേ മുക്കാൽ ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ അനുപമയ്ക്ക് വരുമാനം ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റി യുഎസ്ഡ് കണ്ടന്റ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ജൂലൈയിൽ അക്കൗണ്ടിൽ നിന്നുള്ള വരവ് നിലച്ചു. മാതാപിതാക്കളുടെ തട്ടിക്കൊണ്ട് പോകൽ പ്ലാനിനെ ആദ്യഘട്ടത്തിൽ എതിർത്ത അനുപമ, ഇതോടെയാണ് കുറ്റകൃത്യത്തിൽ പങ്കാളിയായത് എന്നാണ് പൊലീസ് പറയുന്നത്.
20 വയസ് മാത്രം പ്രായമുള്ള അനുപമയെ കുറിച്ച് നാട്ടുകാർക്കും വിവരങ്ങൾ കൂടുതൽ അറിയില്ല. ഇവിടെ പഠിക്കുന്നുവെന്നോ, എന്ത് ചെയ്യുന്നു എന്നോ ഒന്നും നാട്ടുകാർക്ക് അറിയില്ല. കുട്ടിയെ തട്ടിക്കൊണ്ട് പോയ ദിവസം, മാതാപിതാക്കൾ ഫോൺ ചെയ്യാനും സാധനങ്ങൾ വാങ്ങാനും പാരിപ്പള്ളിയിൽ പോയപ്പോൾ, അനുപമയായിരുന്നു കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്നത്. തട്ടിക്കൊണ്ട് പോയവർ കാർട്ടൂൺ കാണിച്ചിരുന്നു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. അനുപമയുടെ ടാബിൽ നിന്ന് കണ്ടെടുത്ത കാർട്ടൂൺ വീഡിയോകളും, യൂട്യൂബ് സേർച്ച് ഹിസ്റ്ററിയും ഈ മൊഴിയുടെ കൂടി പശ്ചാത്തത്തിൽ പൊലീസിന് നിർണായക വിവരമായി.