KeralaNEWS

അപ്രതീക്ഷിതമായാണ് ക്യാൻസർ തിരിച്ചറിയുന്നത്, അതും ഗൾഫിലേക്ക് മടങ്ങാനൊരുങ്ങവേ… കൂനിൻമേൽ കുരുവായി സാമ്പത്തിക ബാധ്യതകളും; ഇനി സൗമ്യയില്ല, മരുഭൂമിയിലെ മരുപ്പച്ചയിലേക്ക്… സ്വപ്നങ്ങൾ പൊലിഞ്ഞു…

ആലപ്പുഴ: മക്കളുടെ സുരക്ഷിതമായ ഭാവിയെന്ന സ്വപ്നമായിരിക്കണം ഗൾഫിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന സൗമ്യക്ക് മരുഭൂമിയിലും മരുപ്പച്ചയായത്. എന്നാൽ അപ്രതീക്ഷിതമായാണ് ക്യാൻസർ തിരിച്ചറിയുന്നത്, അതും ഗൾഫിലേക്ക് മടങ്ങാനൊരുങ്ങവേ… ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ച സംഭവത്തി​ന്റെ ഞെട്ടലിലാണ് നാട്. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

സൗമ്യയ്ക്ക് ക്യാൻസർ ബാധിച്ചതും സാമ്പത്തിക ബാധ്യതകളും കുടുംബത്തെ തളര്‍ത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗൾഫിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന സൗമ്യ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകുന്നതിനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ബ്ലഡ് ക്യാൻസർ ആണെന്ന് അറിയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു. അതിനിടെ ഒരു അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു.

Signature-ad

രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കൂട്ടമരണം പുറത്തറിഞ്ഞത്. സമീപത്താണ് സുനുവിന്‍റെ അമ്മയും താമസിക്കുന്നത്. എട്ട് മണിയായിട്ടും പുറത്ത് ആരെയും കാണാതിരുന്നതോടെ അമ്മ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ സൌമ്യയെയും സുനുവിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. അസുഖമായതിനാല്‍ ഇനി മുന്നോട്ടുപോവാന്‍ കഴിയില്ലെന്ന കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു സൗമ്യ. ഒന്നര ആഴ്ച കൂടുമ്പോള്‍ രക്തം മാറ്റണമെന്നും ഇന്ന് ചെയിഞ്ച് ചെയ്യാന്‍ ആശുപത്രിയില്‍ പോകാനിരുന്നതാണെന്നും പഞ്ചായത്തംഗം പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Back to top button
error: