KeralaNEWS

6 വയസുകാരി സ്വന്തം വീട്ടിലെത്തി, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ വൈരുദ്ധ്യങ്ങൾ, സംശയങ്ങൾ; അച്ഛനെ ഇന്ന് ചോദ്യം ചെയ്യും

       കൊല്ലത്തെ ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുട്ടിയുടെ അച്ഛൻ റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാ​ഗമായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.  ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെ എന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെ എന്നുമാണ് റെജിയുടെ നിലപാട്. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഒഴിവാക്കിയെങ്കിലും തുടർഘട്ടങ്ങളിൽ തന്നെ ടാർഗറ്റ് ചെയ്യുന്നതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്.

Signature-ad

നേരത്തെ പത്തനംതിട്ടയിൽ റെജി താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസ സ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ വീട്ടിൽ നിന്ന് മാറ്റിവച്ചതെന്നും റെജി വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. കുട്ടിയുടെ അടുത്ത ബന്ധുവിനെയും പൊലീസ് ഉടന്‍ ചോദ്യം ചെയും.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.  കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നതായി പൊലീസിന്റെ വിലയിരുത്തല്‍. പ്രതികള്‍ സഞ്ചരിച്ച കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരേ റൂട്ടില്‍ പല നമ്പര്‍ പ്ലേറ്റുവെച്ച് പ്രതികള്‍ കാര്‍ ഓടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

ചിറയ്ക്കല്‍, ചാത്തന്നൂര്‍ ഭാഗങ്ങളിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വാഹനം കറങ്ങിയത്. ആദ്യ ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് മലപ്പുറം സ്വദേശിയുടേതായിരുന്നു. പിന്നീട് ഇതേ കാര്‍ വേറെ നമ്പര്‍ പ്ലേറ്റ് വെച്ചു പോയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

പിന്നീട് യാത്രയ്ക്ക് പ്രതികള്‍ ഓട്ടോറിക്ഷയാണ് ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. കുട്ടിയുമായി പോയ ഓട്ടോറിക്ഷ കൊല്ലം രജിസ്‌ട്രേഷനിലുള്ളതാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

  സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചന. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലരാണു കസ്റ്റഡിയിൽ.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. പ്രതികൾക്കായി ജില്ലയ്ക്കു പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

കാണാതായ ശേഷം തിരികെ ലഭിച്ച 6 വയസ്സുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ ഓയൂരിലെ വീട്ടിലെത്തിക്കും. പോലീസിന്റെ കര്‍ശന സുരക്ഷയിലാണ് കുടുംബത്തിന്റെ യാത്ര.

അതേസമയം സന്ദര്‍ശകര്‍ക്ക് പൂര്‍ണമായ നിയന്ത്രണമുണ്ടാകും. കുഞ്ഞിന്റെ മാനസികാവസ്ഥ പൂര്‍വസ്ഥിതിയിലേക്ക് എത്തേണ്ടതിന്റെ ആവശ്യകത ഉള്ളതിനാലാണിത്.

Back to top button
error: