കോഴിക്കോട്: കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കണ്ണീര്‍ വാതക ഷെല്‍ പൊലീസിനു നേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരെ മാറ്റുന്നതിനിടയില്‍ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിയെ ഡിസിപി കെ.ഇ.ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. ഇതിനിടെ പൊലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്ലാണ്, ഒരു പ്രവര്‍ത്തകന്‍ നിലത്തുനിന്നെടുത്ത് തിരിച്ചെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായി.
മാര്‍ച്ച് തടയുന്നതിനായി പൊലീസ് നിരത്തിവച്ച ബാരിക്കേഡിനു സമീപം നിന്ന ബഹളം വച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാനാണ് പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ കണ്ണീര്‍ വാതക ഷെല്‍ എറിഞ്ഞതോടെ പ്രവര്‍ത്തകര്‍ നാലുപാടും ചിതറി. ഇതിനിടെ കയ്യില്‍ തുണിയുമായി ഓടിയെത്തിയ ഒരു പ്രവര്‍ത്തകന്‍, അതെടുത്ത് തിരിച്ച് പൊലീസിനു നേരെ എറിയുകയായിരുന്നു.
ഇതോടെ പൊലീസ് സംഘം ചിതറിയോടി. സമരത്തെ നേരിടുന്നതിനായി എത്തിച്ച ജലപീരങ്കിയുമായെത്തിയ വാഹനവും പിന്നിലേക്കു മാറ്റി. കണ്ണീര്‍ വാതകം സൃഷ്ടിച്ച വൈഷമ്യത്തെ തുടര്‍ന്ന് പൊലീസുകാര്‍ റോഡില്‍നിന്ന് ഓടി മാറുന്നത് വിഡിയോയില്‍ കാണാം. പ്രവര്‍ത്തകന്‍ കണ്ണീര്‍ വാതക ഷെല്‍ തിരിച്ചെറിയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദാരവം മുഴക്കുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് സംഘം കണ്ണീര്‍ വാതകത്തെ ‘മെരുക്കിയത്’.
ഇപ്പോള്‍ കണ്ണീര്‍ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാര്‍ക്ക് ശരിക്കും മനസ്സിലായിക്കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നവകേരള സദസിനെ നരാധമ സദസ് എന്ന് വിശേഷിപ്പിച്ച രാഹുല്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധമില്ലാതെ പരിപാടി പൂര്‍ത്തീകരിക്കാനാകുമോയെന്നു നോക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു.