സ്ക്കൂൾ കലോത്സവത്തിൽ വിജയികളായതു കൊണ്ടാണ് വിനീതും മോനിഷയും മഞ്ജു വാര്യരുമാക്കെ സിനിമയിലെത്തിയത് എന്ന ധാരണയിൽ താൻ ഡാൻസ് പഠിച്ചിരുന്നു എന്ന് നടൻ ഷൈൻ ടോം ചാക്കോ. മോണോ ആക്ടിൽ സംസ്ഥാന കലോത്സവത്തിൽ താൻ മത്സരിച്ചു.ച്ചിട്ടുണ്ടെന്നും, എന്നാൽ ആ മത്സരത്തിൽ നവ്യ നായർ വന്ന് ഒന്നാം സമ്മാനം കൊണ്ടുപോയെന്നും പഴയ ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.
ഷൈൻ ടോം ചാക്കോ പറഞ്ഞത്:
“സിനിമയിലേക്ക് എത്താൻ വേണ്ടിയാണ് അന്ന് ഞാൻ ഡാൻസ് പഠിച്ചത്. കാരണം അന്ന് സംവിധായകർ നടന്മാരെ തെരഞ്ഞെടുത്തിരുന്നത് യുവജനോത്സവങ്ങളിൽ നിന്നായിരുന്നു. ഇന്നത്തെപ്പോലെ റീലുകളും സോഷ്യൽ മീഡിയകളും അന്നില്ലല്ലോ. ഏതെങ്കിലും ഒരു കലോത്സവത്തിൽ ഫസ്റ്റ് അടിച്ചു സംസ്ഥാനത്ത് എത്തിയാൽ സംവിധായകർ നമ്മളെ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുപോകും എന്നായിരുന്നു എന്റെ ചിന്ത. കാരണം നമുക്ക് മുൻപ് വന്ന വിനീത്, മോനിഷ, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയവരാണ്.
പക്ഷെ പ്ലസ് ടു എത്തിയപ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിലേക്ക് എത്തുന്നത്. ഡാൻസ് വഴിയല്ല, മോണോ ആക്ട് വഴിയാണ് ഞാൻ അവിടെ എത്തിയത്. ഡാൻസ് വഴി എത്താൻ കുറച്ച് പ്രയാസമായിരുന്നു. കാരണം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചായിരുന്നു ചില മത്സരങ്ങൾ. പിന്നീടാണ് അത് വേർതിരിച്ചത്. എന്നിട്ടും ഞാൻ വിജയിച്ചില്ല. അത് കുറച്ച് എക്സ്പെൻസീവ് ആണ്. സ്ഥിരമായി പഠിക്കണം, പിന്നെ അതിന്റെ ഡ്രസ്സിനും ആഭരണങ്ങൾക്കും എല്ലാം നല്ല ചെലവുണ്ട്. അതിനെല്ലാം മാർക്കുമുണ്ട്. പണം നന്നായി ചെലവാക്കുന്ന സ്കൂളുകളാണ് അത് എപ്പോഴും കൊണ്ടുപോവുക. മോണോ ആക്ടിന് ഒരു ചെലവുമില്ലല്ലോ. ഒരു മൈക്കിന്റെ മുന്നിൽ നിന്നാൽ മതിയല്ലോ
മോണോ ആക്ടിന് സ്റ്റേറ്റ് വരെ എത്തി മത്സരം തുടങ്ങാൻ നേരത്താണ് നവ്യ നായർ ‘നന്ദന’ത്തിന്റെ ലൊക്കേഷനിൽ നിന്ന് അങ്ങോട്ട് വന്നത്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ഇത് സിനിമാക്കാര് തന്നെ കൊണ്ടുപോകുമെന്ന്. നവ്യാ നായർ വന്നാൽ വേറൊരാൾക്കും കിട്ടില്ലല്ലോ. പറഞ്ഞ പോലെ തന്നെ സംഭവിച്ചു ഒന്നാം സമ്മാനം നവ്യയ്‌ക്ക് തന്നെ കിട്ടി. എനിക്ക് ഒന്നും കിട്ടിയില്ല. 14ാം സ്ഥാനമായിരുന്നു എനിക്ക്. നവ്യയെ കുറ്റം പറയാൻ പറ്റില്ലല്ലോ 14 ജില്ലയല്ലേ ഉള്ളൂ. അന്ന് മലപ്പുറത്തെയാണ് ഞാൻ പ്രതിനിധീകരിച്ചത്.”