ഇന്നും ഇന്ത്യയിൽ പലരും അസുഖം വന്നാൽ ചികിത്സിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്തും മറ്റും പോകുന്ന അവസ്ഥയുണ്ട്. അതിന് ഏറ്റവും അധികം ഇരകളാകുന്നതാകട്ടെ സ്ത്രീകളും കുട്ടികളും ആയിരിക്കും. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും വരുന്നത്. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിൽ വെറും ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ന്യൂമോണിയ മാറാൻ വേണ്ടി ചുട്ടുപഴുത്ത ഇരുമ്പുവടി ഉപയോഗിച്ച് 40 തവണ അടിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറ്റിലും അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 പരിക്കുകളുണ്ട് എന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ തന്നെയാണ് പറഞ്ഞത്.
കുട്ടികൾക്ക് അസുഖം വരുമ്പോഴും മറ്റും സാധാരണ ആളുകൾ ഈ സ്ത്രീയുടെ അടുത്ത് എത്തിക്കാറുണ്ട്. അങ്ങനെ തന്നെയാണ് കുട്ടിയുടെ മാതാപിതാക്കളും കുഞ്ഞിനെ അവിടെ എത്തിച്ചത്. ന്യൂമോണിയ മാറ്റാൻ എന്നും പറഞ്ഞ് കുട്ടിയെ സ്ത്രീ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. പിന്നാലെ, കുട്ടി വളരെ ഗുരുതരമായ അവസ്ഥയിലെത്തി. കുട്ടിയെ ഉപദ്രവിച്ച ബൂട്ടി ബായ് ബൈഗ, കുട്ടിയുടെ അമ്മ ബെൽവതി ബൈഗ, മുത്തച്ഛൻ രജനി ബൈഗ എന്നിവർക്കെതിരെ ഐപിസി പ്രകാരവും ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഷാഹ്‌ദോലിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹർദി വില്ലേജിൽ നിന്നുള്ള കുഞ്ഞിന്റെ മാതാപിതാക്കൾ തന്നെയാണ് കുഞ്ഞിനെ ന്യൂമോണിയയ്ക്ക് ചികിത്സിക്കുന്നതിന് വേണ്ടി ഈ സ്ത്രീയോട് ആവശ്യപ്പെട്ടത്. പിന്നീട്, സ്ത്രീ വീട്ടിലെത്തി കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് ഉപദ്രവിക്കുകയായിരുന്നു എന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. ആർ.എസ്. പാണ്ഡെ പറയുന്നു.