IndiaNEWS

‘സർവ രോഗ സംഹാരിണി’ എന്ന് പരസ്യം: ബാബാ രാംദേവിൻ്റെ പതഞ്ജലി പരസ്യങ്ങൾക്കെതിരെ ‘കനത്ത പിഴ ചുമത്തു’മെന്ന താക്കീതുമായി സുപ്രീം കോടതി

   യോഗ പരിശീലകൻ ബാബാ രാംദേവിൻ്റെ പതഞ്ജലി പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്ന് കോടതി അറിയിച്ചു. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി.

ഐ എം എ യുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

Signature-ad

ഇതിനിടെ  പതഞ്ജലിക്കെതിരെ നടപടി വൈകുന്നതായി ആക്ഷേപം. കേന്ദ്ര സർക്കാറിന്‍റെ ആയുഷ് മന്ത്രാലയം നിരവധി തവണ അറിയിപ്പ് നൽകിയിട്ടും ഉത്തരാഖണ്ഡിലെ ഡ്രഗ് ലൈസൻസിങ് അതോറിറ്റി നടപടിക്ക് മടിക്കുകയാണെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചു.

പതഞ്ജലിക്ക് കീഴിലെ ദിവ്യ ഫാർമസി നിർമിക്കുന്ന ‘ലിപിഡോം,’ ‘ലിവോഗ്രിത്,’ ‘ലിവാമൃത്’ എന്നീ മരുന്നുകളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നേരത്തെ ആയുഷ് മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത് നിയമലംഘനമാണെന്നും വ്യക്തമാക്കിയിരുന്നു.

കൊളസ്ട്രോൾ ഒരാഴ്ചകൊണ്ട് കുറയ്ക്കുമെന്നാണ് ‘ലിപിഡോം’ പരസ്യത്തിൽ പറഞ്ഞിരുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങൾ, പക്ഷാഘാതം, രക്തസമ്മർദം എന്നിവക്കും ഉടൻ പരിഹാരമുണ്ടാകുമെന്നാണ് ഇവർ പരസ്യം ചെയ്തിരുന്നത്. കരൾ വീക്കത്തിനും ലിവർ സിറോസിസിനും മറ്റ് ദഹനസംബന്ധിയായ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയെന്ന തരത്തിലാണ് ‘ലിവോഗ്രിത്’, ‘ലിവാമൃത്’ എന്നിവ പരസ്യം ചെയ്തിരുന്നത്.

തെറ്റായ ഈ അവകാശവാദങ്ങളിൽ ആയുഷ് മന്ത്രാലയം എതിർപ്പ് അറിയിച്ച് ലൈസൻസിങ് അതോറ്റിയുമായി നടത്തിയ ആശയവിനിമയങ്ങളുടെ വിവരവും ആർ.ടി.ഐക്ക് മറുപടിയായി നൽകിയിട്ടുണ്ട്.

കണ്ണൂരിലെ നേത്രരോഗവിദഗ്ധനായ കെ.വി. ബാബുവാണ് ഇതുസംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾ ഉന്നയിച്ചത്. പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഉത്തരാഖണ്ഡിലെ ലൈസൻസിങ് അതോറിറ്റി ആയുഷ് മന്ത്രാലയത്തിന്‍റെ അറിയിപ്പുകൾക്ക് മറുപടി നൽകിയിട്ടില്ല.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയം ജൂലൈയിൽ പാർലമെന്‍റിൽ അറിയിച്ചിരുന്നു. 2021 മാർച്ച് മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ 10,035 പരസ്യങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Back to top button
error: