KeralaNEWS

നവകേരള സദസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, ചരിത്രത്തിൽ ആദ്യമായി സമ്പൂർണ മന്ത്രിസഭാ യോഗം കാസർകോട്

    ചരിത്രത്തിൽ ആദ്യമായി കാസർകോട്ട് സമ്പൂർണ മന്ത്രിസഭാ യോഗം. കാസർകോട് ഗസ്റ്റ് ഹൗസിലാണ് മന്ത്രിസഭാ യോഗം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു യോഗം. ഗതാഗത മന്ത്രി ആന്റണി രാജുവും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും വിമാനം വൈകിയതിനാൽ യോഗത്തിന് എത്തിയില്ല. ഉച്ചയ്ക്കു ശേഷമാണ് ഇരുവരും എത്തിയത്.

ഇതേ തുടർന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസ്  കാസർ​ഗോഡ് പൈവളികെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

Signature-ad

പരിപാടിയിൽ നിന്ന് പ്രതിപക്ഷം വിട്ട് നിൽക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന്  മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ പ്രധാന റോളിൽ എംഎൽഎ ഉണ്ടാകണമായിരുന്നു. 2016ന് മുമ്പുള്ള സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകില്ലെന്നും 2016 ന് മുമ്പ് കേരളീയർ നിരാശയിൽ ആയിരുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു.

സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ വന്നതോടെ വികസനം ത്വരിതഗതിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നാടിന്റെ പരിപാടിയെന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവന്‍കുട്ടി, എം.ബി.രാജേഷ്, ജി.ആര്‍. അനില്‍, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.

സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്‍മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍  സദസിലെ പ്രത്യേക ക്ഷണിതാക്കളാണ്.

നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്.  മന്ത്രിസഭായോഗം നടക്കുന്നതൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും. ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും

Back to top button
error: