പത്തനംതിട്ട∙ മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും സര്‍വീസ് തുടങ്ങിയതിന് പിന്നാലെ റോബിൻ ബസ് തടഞ്ഞ് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്.7500 രൂപയാണ് പിഴ.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയ ബസ് 100 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു സംഭവം..
പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് ആരംഭിച്ച സ്വകാര്യ ബസാണ് റോബിൻ.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 45 ദിവസങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ്. കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.
അതേസമയം കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു.