ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സർവീസായ അലെക്സയിൽ നിന്ന് നിരവധിപ്പേരെ പിരിച്ചുവിടുന്നു. ബിസിനസ് മുൻഗണനകളിൽ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി തീരുമാനിച്ചതിന്റെയും അടിസ്ഥാനത്തിലാണ് മറ്റ് മേഖലകളിൽ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുന്നത്.
അലെക്സ യൂണിറ്റിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ പുതിയ തീരുമാനം ബാധിക്കുമെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തിയെങ്കിലും എത്ര പേരെ പിരിച്ചുവിടുമെന്ന് കൃത്യമായി പറയാൻ ആമസോൺ അധികൃതർ തയ്യാറായിട്ടില്ല. ബിസിനസിലെ മുൻഗണനകളോട് കൂടുതൽ ഒത്തുപോകുന്ന തരത്തിലും ഉപഭോക്താക്കൾ കൂടുതലായി താത്പര്യപ്പെടുന്നത് എന്തൊക്കെയെന്ന് മനസിലാക്കിയും തങ്ങളുടെ പ്രവർത്തനത്തിൽ ചില മാറ്റം കൊണ്ടുവരികയാണെന്നും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ ശ്രദ്ധയും പരിശ്രമവും കേന്ദ്രീകരിക്കുന്നത് ഉൾപ്പെടെ ഇതിന്റെ ഭാഗമാണെന്നും അലെക്സ ആന്റ് ഫയർ ടിവി വൈസ് പ്രസിഡന്റ് ഡാനിയൽ റൗഷ് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. പുതിയ മാറ്റങ്ങളോടെ ചില പദ്ധതികൾ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ ഡിവിഷനുകളിൽ നിന്ന് ആമസോൺ പിന്മാറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മ്യൂസിക്, ഗെയിമിങ് വിഭാഗങ്ങളിൽ നിന്നും ഹ്യൂമൺ റിസോഴ്സസ് വിഭാഗത്തിൽ നിന്നും ആമസോൺ വലിയ തോതിൽ ആളുകളെ കുറയ്ക്കുന്നതായാണ് വിവരം. അതേസമയം സമാന സ്വഭാവത്തിലുള്ള നിരവധി കമ്പനികൾ തങ്ങളുടെ പ്രധാന മേഖലയായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ചെറിയ സൂചനകളിൽ നിന്നും വിശദമായ ടെക്സ്റ്റ് പ്രതികരണങ്ങൾ ലഭ്യമാക്കുന്നതിനും അതിനാവശ്യമായ കോഡുകളും ഉൾപ്പെടുന്ന മേഖലയാണിത്.
ആമസോണിന്റെ ഡിവൈസസ് ആന്റ് സർവീസസ് ബിസിനസ് ലാഭമുണ്ടാക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും വീടുകളുടെ ഓട്ടോമേഷൻ ഉൾപ്പെടെയുള്ളവയ്ക്കും സഹായിക്കുന്ന വോയിസ് അസിസ്റ്റന്റ് സേവനമാണ് അലെക്സ. എന്നാൽ ഒരു പതിറ്റാണ്ടോളമായി വിപണിയിലുള്ള അലെക്സയ്ക്ക് കാലഘട്ടത്തിന്റെയും സാങ്കേതിക വിദ്യയുടെയും മാറ്റത്തിന് അനുസൃതമായി മാറാൻ സാധിച്ചിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.