പത്തനംതിട്ട:കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീൻ.നമ്മുടെ കായലുകളിലും മറ്റും സമ്പന്നമായ കരിമീനിന് പൊള്ളുന്ന വിലയാണ് മാർക്കറ്റുകളിൽ ഉള്ളതും.ഇതിന്റെ മറവില്‍ വ്യാജ കരിമീനാണ് ഇന്ന് കേരളത്തിലെ വിപണി കീഴടക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ഇവ കൂടുതലായി എത്തിക്കുന്നത്.കരിമീനിനെ പോലെ തോന്നിക്കുമെങ്കിലും ഇവ സത്യത്തിൽ കരിമീനല്ല.ഉപഭോക്താക്കള്‍ കരിമീനിന്റെ പേരില്‍ തട്ടിപ്പിന് ഇരയാവുകയാണ്. കേരളത്തിലെ കായലുകളില്‍ നിന്നും കുളങ്ങളിൽ നിന്നും കിട്ടുന്ന കരിമീനിന് പൊള്ളുന്ന വിലയാണ്. 350 മുതല്‍ 450 രൂപവരെയാണ് കേരളത്തിലെ കരിമീനിന് ഒരു കിലോയുടെ വില.
കരിമീനിന് ആന്ധ്രയില്‍ നിന്നാണ് ശക്തരായ എതിരാളികളുള്ളത്. മറ്റൊരു എതിരാളി ശ്രീലങ്കന്‍ വംശജനായ തിലാപ്പിയ എന്ന വ്യാജ കരിമീനാണ്. കേരളത്തിൽ പിടിച്ചെടുക്കുന്ന സ്ഥലത്തുതന്നെ കരിമീനിന് കിലോയ്ക്ക് 300-350 രൂപയാണ് വില. വിപണിയില്‍ അതിന് 450-600 രൂപ വരെ ഇടാക്കുന്നുണ്ട്. കരിമീന്‍ ഏറ്റവും മുഴുത്തതാണെങ്കില്‍ വില 600 രൂപ വരെ എത്താറുണ്ട്. പരമാവധി നാല് വലിയ കരിമീനിന് ഒരുകിലോ തൂക്കം വരും.
കേരളത്തില്‍ കരിമീനിന്റെ ദൗര്‍ലഭ്യം കൂടുതലാണ്. ഇത് മുതലെടുത്തുകൊണ്ടാണ് ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും മത്സ്യ ഏജന്റുമാര്‍ വ്യാജ കരിമീന്‍ കേരളത്തിലെത്തിക്കുന്നത്. മലിനീകരണവും ഔട്ട് ബോട്ടുകളുടെ ബാഹുല്യവുമാണ് കേരളത്തില്‍ കരിമീന്‍ ദൗര്‍ല്ലഭ്യത്തിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആന്ധ്ര കരിമീനിന് 200-250 രൂപയാണ് ഒരു കിലോയുടെ വില. ഇത് ഒറിജിനല്‍ കരിമീനാണെന്ന് പറഞ്ഞ് അമിത വില ഈടാക്കി ഉപഭോക്താക്കളെ പറ്റിക്കുകയാണ് പതിവ്.
ആന്ധ്രയിലും തമിഴ്‌നാട്ടിലുമുള്ള കരിങ്കല്‍, മാര്‍ബിൾ ക്വാറികളിൽ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന മീനാണ് കരിമീനെന്ന പേരില്‍ കേരളത്തിലെ വിപണിയില്‍ വന്ന് മറിയുന്നത്. ചാണകവും കടലപ്പിണ്ണാക്കും കോഴികളുടെ മാലിന്യങ്ങളും കാലിവളവും തീറ്റയായി നല്‍കി ക്വാറികളില്‍ വളര്‍ത്തിയെടുക്കുന്ന ഈ മത്സ്യങ്ങളെ കേരളത്തിലെ വിദഗ്ധരായ കരിമീന്‍ പ്രേമികള്‍ക്കു പോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല.
ശ്രീലങ്കന്‍ വംശജനായ തിലാപ്പിയയാണ് കേരള കരിമീനിന് വല്ലാതെ ഭീഷണിയുയര്‍ത്തുന്ന മറ്റൊരു വ്യാജന്‍. ഇവയ്ക്ക് ഒരു കിലോയ്ക്ക് 80- 100 രൂപയാണ് വില. ഇവ സാധാരണ മത്സ്യ ചന്തകളില്‍ സുലഭമാണ്. മാലിന്യത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ഇവയും നമ്മുടെ കരിമീനിനെ പോലെ കാഴ്ചയിൽ തോന്നിപ്പിക്കുന്നവയാണ്.യാതൊരു രുചിയും മണവും ഇല്ലാത്തവയാണ് ഇത്. കരിമീനിന്റെ പേരില്‍ ഹോട്ടലുകളിലെ തീന്‍മേശകളില്‍ പോലും നാം വഞ്ചിക്കപ്പെടുന്നുണ്ട്. പൊരിച്ച ഒരു കരിമീനിന് 150 മുതല്‍ 250 രൂപവരെയാണ് വില. എന്നാൽ ഇതിലേറെയും വ്യാജൻമാരാണെന്നതാണ് വാസ്തവം.