മംഗളൂരു: ഉടുപ്പി തൃപ്തിനഗറില്‍ പ്രവാസിയുടെ ഭാര്യയെയും മൂന്നുമക്കളെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചൗഗലെ(35)യെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ബെലഗാവി ജില്ലയിലെ കുടച്ചിയില്‍ നിന്നാണ് പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (12) എന്നിവരെയാണ് വീട്ടില്‍ അതിക്രമിച്ചുകയറിയ മുഖംമൂടിധാരി വെട്ടിക്കൊലപ്പെടുത്തിയത്. മാസ്‌ക്ക് ധരിച്ച കൊലയാളി ഹസീനയുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടർന്ന് ഹസീനയുടെ പുറത്ത് വാള്‍ കൊണ്ട് വെട്ടുകയുമായിരുന്നു. വെളിയിൽ നിന്ന മക്കള്‍ മാതാവിന്റെ കരച്ചില്‍ കേട്ട് അകത്തേക്ക് വന്നപ്പോള്‍ ഇവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം കൊലയാളി രക്ഷപ്പെടുകയും ചെയ്തു. വീട്ടില്‍ നിന്ന് സാധനങ്ങളൊന്നും മോഷണം പോകാത്തതുകൊണ്ട് ലക്ഷ്യം കവര്‍ച്ചയായിരുന്നില്ലെന്ന് വ്യക്തമായിരുന്നു.
അഫ്‌നാന്‍ എയര്‍ ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഐനാസ് കോളജിലും അസീം എട്ടാംക്ലാസിലും പഠിക്കുകയായിരുന്നു.
ആദ്യം പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് കൊലപാതകത്തിന് പിന്നില്‍ പ്രവീണ്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതും പ്രതി അറസ്റ്റിലായതും. കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
കൊല്ലപ്പെട്ട ഐനാസ് എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന മംഗ്ളുറു വിമാനത്താവളത്തിൽ പ്രവീൺ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പ്രവീണും ഐനാസും തമ്മിലുള്ള ബന്ധവും സ്വര്‍ണ ഇടപാടുകള്‍ അടക്കമുള്ള വിഷയങ്ങളുമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് നിഗമനം. കൂട്ടക്കൊലപാതകം നടക്കുമ്പോള്‍ ഐനാസിന്റെ മുത്തശ്ശി ഹാജിറാബിയും വീട്ടിലുണ്ടായിരുന്നു. കുളിമുറിയില്‍ കയറി വാതിലടച്ചാണ് ഹാജിറാബി അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഞായറാഴ്ച പട്ടാപ്പകല്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഉഡുപ്പിയെ നടുക്കത്തിലാഴ്ത്തിയിരുന്നു. നിലവിളി കേട്ട് ഐനാസിന്റെ വീട്ടിലേക്ക് ഓടിയെത്തിയ അയല്‍വാസിയായ പെണ്‍കുട്ടിയെ അക്രമി ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹസീനയുടെ ഭര്‍തൃമാതാവ് ഹാജറ (70)യെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടക്കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിന് അഞ്ച് പൊലീസ് ടീമുകളെയാണ് നിയോഗിച്ചത്.