KeralaNEWS

കേരളത്തെ ദേശീയതലത്തില്‍ കരിതേച്ചു കാണിക്കാൻ നീചമായ ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ദേശീയതലത്തില്‍ കരിതേച്ചു കാണിക്കാൻ നീചമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മികവുകളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമങ്ങള്‍ രാജ്യത്തു നടക്കുന്നതായും ദേശീയതലത്തില്‍ കേരളത്തെ കരിതേച്ചുകാണിക്കാനുള്ള നീചമായ പ്രചാരണങ്ങളും അതിന്റെ ഭാഗമായുള്ള പ്രൊപ്പഗാൻഡ സിനിമകളും വരെ ഉണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Signature-ad

സമൂഹത്തിലുണ്ടാകുന്ന ചില സമകാലിക സംഭവങ്ങള്‍ ആരിലും ആശങ്കയുയര്‍ത്തുന്നതാണെന്നും കളമശ്ശേരി സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.കളമശ്ശേരിയിലുണ്ടായ ദൗര്‍ഭാഗ്യ സംഭവത്തിന്റെ വിവരം കേട്ടയുടൻ അതിനെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ വികാരം കത്തിച്ചു വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കാനും ശ്രമമുണ്ടായി. നാട്ടിലുള്ള ചില കുത്സിത ശക്തികളാണ് ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. പക്ഷേ കേരളം ആ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാൻ ഒറ്റക്കെട്ടായി അണിനിരന്നു.

വര്‍ഗീയ പ്രചാരണത്തിന് നവോത്ഥാന നായകരെത്തന്നെ കരുക്കളാക്കാൻ ശ്രമിക്കുന്ന കാഴ്ചയും കാണുന്നുണ്ട്. അതു തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണം. നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ ചരിത്രവിരുദ്ധമാംവിധം ഉപയോഗിക്കാൻ വിട്ടുകൊടുക്കില്ലെന്ന നിര്‍ബന്ധബുദ്ധിയുണ്ടാകണം. ലോകശ്രദ്ധയാര്‍ജിക്കുന്ന നിലയിലേക്കു കേരളം വളര്‍ന്നത് ജനകീയ സമരങ്ങളുടേയും പുരോഗമന മുന്നേറ്റങ്ങളുടേയും ഫലമായാണ്. പക്ഷേ അങ്ങനെയൊന്നുമല്ലെന്നു വരുത്തിത്തീര്‍ക്കാൻ വലിയ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ ചരിത്രം ഒരു പ്രത്യേക വിഭാഗത്തിന്റേതുമാത്രമാണെന്ന തരത്തിലുള്ള പ്രചാരണമുണ്ടാകുന്നു. അതിനായി യഥാര്‍ഥ ചരിത്രം മറച്ചുവയ്ക്കുകയും വ്യാജ ചരിത്രം നിര്‍മിക്കുകയും ചെയ്യുന്നു. ഇത് അംഗീകരിച്ചു മുന്നോട്ടുപോകാൻ പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹത്തിനു കഴിയില്ല. അവയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാൻ നമുക്ക് കഴിയണം. – മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: