തിരുവനന്തപുരം: ദീപാവലിക്ക് കേരളത്തിലേക്ക് വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിയില്ല. ദീപാവലി തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ട്രെയിൻ ഓടിയില്ല. കര്‍ണാടകത്തെയും തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിച്ച് ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് സർവീസ് നടത്തുക എന്നായിരുന്നു വാർത്തകൾ. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്നും ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. വ്യാഴം മുതല്‍ തിങ്കള്‍ വരെയുള്ള ദിവസങ്ങളിലേതെങ്കിലുമൊരു ദിവസമായിരിക്കും സര്‍വീസ് എന്നായിരുന്നു സൂചന. എന്നാല്‍, ദീപാവലി ദിവസമായ ഞായറാഴ്ച വരെ ട്രെയിന്‍ സര്‍വീസിനെക്കുറിച്ച് വിവരമൊന്നും റെയില്‍വേ നല്‍കിയില്ല.
ട്രെയിനിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ പിആർഒ അറിയിച്ചു. അതേസമയം, ദീപാവലി തിരക്ക് പരിഗണിച്ച് തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തി. ദീപാവലി അവധിയിലെ യാത്രാതിരക്ക് കുറയാൻ വന്ദേഭാരത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ യാത്രക്കാർ. എന്നാൽ, വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും റെയിൽവേ പുറത്തിറക്കിയിട്ടില്ല. നിലവിൽ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.