ഒട്ടാവ: കനേഡിയൻ നഗരമായ എഡ്മണ്ടനിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യൻ വംശജനും മകനും കൊല്ലപ്പെട്ടു. ഹര്‍പ്രീത് സിങ് ഉപ്പാല്‍ (41) എന്നയാളും 11 വയസ്സുള്ള ഇയാളുടെ മകനുമാണ് പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്.
സംഭവ സമയം കാറിലുണ്ടായിരുന്ന മകന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമിസംഘം എത്തിയതെന്ന് കരുതുന്ന കാര്‍ ബീമൗണ്ടിന് സമീപം തീപിടിച്ച നിലയില്‍ കണ്ടെത്തി. കാര്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എഡ്മണ്ടനിലെ ഗുണ്ടാസംഘത്തിലെ പ്രമുഖനാണ് ഉപ്പാല്‍ എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇയാള്‍ ഏതെങ്കിലും സംഘടനയിലെ അംഗമാണോയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കൊക്കെയ്ൻ കൈവശംവെച്ചതിനും മനുഷ്യക്കടത്തിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കൊലപാതകം.