കോഴിക്കോട്: ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതിനുശേഷം പാര്‍ട്ടിയുടെ കേരളഘടകത്തിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് സികെ നാണു ദേശീയ എക്സിക്യൂട്ടീവ് യോഗവും മുന്നോട്ടുപോകാനുറച്ചതോടെയാണ് സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. കോവളത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗവുമായി മുന്നോട്ടെന്ന് മുതിർന്ന നേതാവ് സികെ നാണു പ്രഖ്യാപിച്ചു. എന്നാൽ യോഗത്തെക്കുറിച്ച് അറിയില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യു. ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ആവർത്തിച്ചത്.
സംസ്ഥാന നേതൃത്വത്തോട് വ്യക്തിപരമായി യോഗത്തെക്കുറിച്ച് പറഞ്ഞെന്നാണ് സി.കെ. നാണുവിന്റെ വാദം. കോഴിക്കോട്ടെ ജെഡിഎസ് ജില്ലാ കമ്മിറ്റി യോഗത്തിനിടയായിരുന്നു നേതാക്കളുടെ പ്രതികരണം. നേതാക്കള്‍ക്കിടയിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്. കോവളത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തോടെ സംസ്ഥാന ജെഡിഎസിലുണ്ടായ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നുള്ള സാഹചര്യവും ഏറി. പാർട്ടിയെ പിളർത്താനല്ല യോഗമെന്നും മുതിർന്ന നേതാവ് എന്ന നിലയ്ക്കാണ് യോഗം വിളിച്ചതെന്നുമാണ് സി.കെ.നാണു വിശദീകരിക്കുന്നത്.
ദേശീയ നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേർന്നതിന് ശേഷവും അതേ പാർട്ടിയുടെ സംസ്ഥാന ഘടകമായി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജെഡിഎസ്സിൽ പ്രതിസന്ധി രൂപപ്പെട്ടത്. വ്യക്തിപരമായ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ യോഗം ചേരുന്നതെന്ന് മനസിലാക്കാന്‍ നേതാക്കള്‍ സന്നദ്ധരാകേണ്ടിവരുമെന്നും അച്ചടക്ക ലംഘനമല്ലിതെന്നും ദേശീയ വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഇത് തന്‍റെ ഉത്തരവാദിത്വമാണെന്നും സികെ നാണു പറഞ്ഞു. ഈ വരുന്ന 15ന് കോവളത്ത് ദേശീയ എക്സിക്യൂട്ടീവ് യോഗം സികെ നാണു വിളിച്ചുചേര്‍ത്തിരിക്കുന്നത്. ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായത് അംഗീകരിക്കാത്ത നേതാക്കളെ യോഗത്തില്‍ പങ്കെടുപ്പിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് സികെ നാണുവിന്‍റെ തീരുമാനം.