KeralaNEWS

കളമശേരി ബോംബ് സ്ഫോടനം: മരിച്ച 12 കാരി ലിബിനയുടെ അമ്മ സാലിയും മരണത്തിനു കീഴടങ്ങി, സ്ഫോടനത്തിൽ മരണം അഞ്ചായി

      കളമശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. പരുക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ സ്വദേശി സാലി പ്രദീപൻ (46) ആണ് മരിച്ചത്. ഇവരുടെ മകള്‍ 12 വയസുകാരി ലിബിനയും നേരത്തെ മരിച്ചു. മൂത്ത മകൻ പ്രവീണും (24), ഇളയ മകൻ രാഹുലും (21)  ചികിത്സയിലുണ്ട്. പ്രവീണിന്റെ നില ഗുരുതരമാണ്.

ഒക്ടോബര്‍ 29-ന് രാവിലെ യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. സാലി പ്രദീപനും മരണത്തിന് കീ‍ഴടങ്ങിയതോടെ മരണം അഞ്ചായി.

Signature-ad

കൺവൻഷൻ ആരംഭിച്ച 27 മുതൽ സാലിയും പ്രവീണും രാഹുലും അവിടെയുണ്ടായിരുന്നു. പാചകത്തൊഴിലാളിയായ പ്രദീപന് ജോലിത്തിരക്കു മൂലം കൺവൻഷനു പോകാൻ കഴിഞ്ഞില്ല. സ്ഫോടനം നടന്ന 29നു രാവിലെ 3 പേരും കൺ‍വൻഷൻ സ്ഥലത്ത് ഒരുമിച്ചു ഫോട്ടോ എടുത്തിരുന്നു. സാലിയും മകളും സ്ഫോടനം ഉണ്ടായ സ്ഥലത്തിനടുത്താണ് ഇരുന്നത്.
കഴിഞ്ഞ മാസം 29നാണ് സ്ഫോടനം നടന്നത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിക്കൽ ലെയോണ പൗലോസ് (55), തൊടുപുഴ സ്വദേശി കുമാരി പുഷ്പൻ (53), ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61). എന്നിവരാണ് സ്ഫോടനത്തിൽ മരിച്ച മറ്റുള്ളവർ.

അതേസമയം, കളമശ്ശേരി സ്ഫോടനത്തിന്‍റെ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. പ്രതി മാർട്ടിന്‍റെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. മാര്‍ട്ടിന്‍റെ സ്‌കൂട്ടറിനുള്ളില്‍ വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായകമായ വസ്തുക്കള്‍ ശേഖരിച്ചത്.

സ്‌ഫോടനത്തിന് ശേഷം കൊടകര പോലീസ് സ്‌റ്റേഷനില്‍ മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയത് സ്‌കൂട്ടറിലായിരുന്നു. മാര്‍ട്ടിനെ ഇവിടെയെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്‌കൂട്ടറിനുള്ളില്‍നിന്ന് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്‌. ഓറഞ്ച് നിറത്തിലുള്ള എ, ബി എന്നീ രണ്ട് സ്വിച്ചുകള്‍ അടങ്ങിയ റിമോട്ടുകളാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവാണിത്.

Back to top button
error: