CrimeNEWS

തൊടുപുഴയില്‍ വില്‍പനക്കായി സൂക്ഷിച്ച 120 കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി; ചന്ദനത്തടി വാങ്ങനെന്ന വ്യാജേന എത്തിയ സംഘമാണ് പ്രതികളെ കുടുക്കിയത്

ഇടുക്കി: തൊടുപുഴയില്‍ വില്‍പനക്കായി സൂക്ഷിച്ച 120 കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി. ചന്ദനത്തടി വാങ്ങനെന്ന വ്യാജേന എത്തിയാണ് വനം വകുപ്പ് ഫ്‌ളയിങ്ങ് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. തൊടുപുഴയ്ക്കടുത്ത് മുട്ടം ആല്‍പാറക്ക് സമീപം ജനിമോന്‍ ചാക്കോയുടെ വീട്ടില്‍ നിന്നുമാണ് ചന്ദനത്തടികള്‍ വനം വകുപ്പ് പിടികൂടിയത്. ഇടപാടുകാരും വില്‍പനക്കാരും ഇടനിലക്കാരും ഉള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്. വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശികളായ കുന്നേല്‍ ആന്റോ ആന്റണി, കുന്നേല്‍ കെ.എ ആന്റണി, കരോട്ടുമുറിയില്‍ ബിനു ഏലിയാസ്, മുട്ടം സ്വദേശി കല്ലേല്‍ ജനിമോന്‍ ചാക്കോ, കാളിയാര്‍ സ്വദേശി തെക്കേപ്പറമ്പില്‍ ബേബി സാം, മേച്ചാല്‍ സ്വദേശികളായ കുന്നത്ത്മറ്റത്തില്‍ സ്റ്റീഫന്‍, ചെമ്പെട്ടിക്കല്‍ ഷൈജു ഷൈന്‍ എന്നിവരാണ് പിടിയിലായത്.

ഫ്‌ളയിങ്ങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചന്ദനത്തടി വാങ്ങനെന്ന വ്യാജേന തിരുവനന്തപുരം വനം വകുപ്പ് ഇന്റലിജന്‍സും തൊടുപുഴ വിജിലന്‍സ് ഫ്‌ളയിങ്ങ് സ്‌ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ ചന്ദനത്തടിക്ക് വിപണിയില്‍ 30 ലക്ഷത്തിലധികം രൂപ വില വരുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ചന്ദനത്തടികള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചതായിരിക്കാമെന്നാണ് സൂചന. വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കുന്ന മറയൂര്‍ ചന്ദനം ഉള്‍പ്പടെ ഇതിലുള്ളതായും സംശയമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികളെ മുട്ടം വനംവകുപ്പ് റേഞ്ച് ഓഫീസര്‍ക്ക് കൈമാറി. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Signature-ad

ഫ്‌ളയിങ്ങ് സ്‌ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍ സുരേഷ് കുമാര്‍, ഡി.എഫ്.ഒമാരായ ജോസഫ് ജോര്‍ജ്, അനില്‍, സുജിത്ത്, തൊടുപുഴ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ അംജിത്ത് ശങ്കര്‍, അഖില്‍, പത്മകുമാര്‍, ഷെമില്‍, സോണി, രതീഷ് കുമാര്‍, എ.കെ ശ്രീശോബ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പിടിയിലായവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Back to top button
error: