KeralaNEWS

ഫാത്തിമ മാപ്പ് …! ഇങ്ങനെയും ഒരു പിതാവോ, അച്ഛന്‍ വിഷം കൊടുത്തു കൊന്ന പതിനാലുകാരിക്ക് കണ്ണീരോടെ യാത്രാമൊഴി

   കേരളം തേങ്ങിക്കരഞ്ഞു കൊണ്ടാണ് ആ വാർത്ത വായിച്ചത്. ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചതിനു പിതാവ് വിഷം കൊടുത്തു കൊലപ്പെടുത്തിയ പതിനാലുകാരി അനുഭവിച്ചത് മനസ്സു മരവിപ്പിക്കുന്ന ക്രൂരപീഡനങ്ങൾ. ജന്മം നൽകിയ സ്വന്തം പിതാവിന്റെ ക്രൂരതയുടെ ഇരയായ ആ കൗമാരക്കാരി മരണത്തോട് മല്ലിട്ടത്10 ദിവസങ്ങൾ. ഒടുവിൽ   ഇന്നലെ അവൾ മരണത്തിനു കീഴടങ്ങി.

പോസ്റ്റ് മോട്ടത്തിനു ശേഷം ഇന്ന്  ഫാത്തിമയുടെ മൃതദേഹം സംസ്ക്കരിച്ചു. ദുരഭിമാനത്തിന്റെ പേരിൽ പിതാവ് സ്വന്തം മകളുടെ ജീവനൊടുത്തപ്പോൾ ആലുവയ്ക്കുത്ത് ആലങ്ങാട് മറിയപ്പടിക്കാർക്ക് നഷ്ടമായത് ചിരിച്ച് കളിച്ച് തങ്ങളുടെ മുന്നിലൂടെ ഓടി നടന്നിരുന്ന പതിനാലുകാരിയെ ആണ്. നെഞ്ച് നീറുന്ന വേദനയോടെയാണ് നാട് ഫാത്തിമയെ യാത്രയാക്കിയത്. നാട്ടുകാരും സഹപാഠികളും ഫാത്തിമയെ അവസാനമായി ഒരു നോക്കു കാണാനായി ഓടിയെത്തി.

Signature-ad

വൈറ്റിലയിലുള്ള മാതൃഗൃഹത്തിലെ പൊതുദർശനത്തിന് ശേഷം കലൂർ കറുകപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന്  മൂന്നു മണിഓടെയാണ് ഫാത്തിമയുടെ ഖബറടക്കം നടന്നത്. ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിലാണ് പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കേരളത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഒടുവിൽ കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയിൽ കഴിഞ്ഞ ഫാത്തിമ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഫാത്തിമ മജിസ്ട്രേറ്റിന് നൽകിയ മൊഴി, ‘വാപ്പ തന്നെ അതിക്രൂരമായി മർദിച്ചതിന് ശേഷം ബലമായി വായിലേക്ക് കളനാശിനി ഒഴിക്കുകയായിരുന്നു’ എന്നാണ്  മരണക്കിടക്കയിൽ വച്ചാണ്  ഫാത്തിമ മൊഴി നൽകിയത്.

ഒക്ടോബർ മാസം 29 ന് ഞായറാഴ്ച്ച സഹപാഠിയായ ഇതര മതത്തിൽപെട്ട ആൺകുട്ടിയുമായുള്ള പ്രണയത്തെ ചൊല്ലി പിതാവ് അബീസ് മകളെ ചോദ്യം ചെയ്തു. ഒടുവിൽ മകളെ കമ്പി വിടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചശേഷം അച്ഛൻ കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. അമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിനു പുറത്താക്കിയായിരുന്നു ക്രൂരത. പഠിക്കുന്ന സ്കൂളിലെ ഇതരമതത്തിൽപ്പെട്ട ആൺകുട്ടിയുമായി ഫാത്തിമ പ്രണയത്തിലാണെന്ന് അറിഞ്ഞതു മുതൽ അബീസ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽനിന്ന് മകളെ വിലക്കിയിരുന്നു. എന്നാൽ ഫോൺ പിടിച്ചുവച്ചിട്ടും മറ്റൊരു ഫോണിൽ നിന്ന് ഫാത്തിമ ആൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. ഇത് അബീസിനെ ചൊടിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ ‍ആവശ്യപ്പെട്ടിട്ടും മകൾ അത് അനുസരിക്കാത്തതിലുള്ള വിരോധത്താൽ പ്രതി കരുതുക്കൂട്ടി കൊല ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടെ വിഷം നൽകിയെന്നാണ് പൊലീസ് റിപ്പോർട്ട്.  വിഷം ഉള്ളിൽച്ചെന്ന കുട്ടി ഛർദിച്ച് അവശനിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

Back to top button
error: