കോട്ടയം: സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് മാധ്യയമപ്രവർത്തനമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.പത്മനാഭൻ നായരുടെ മൂന്നാം ചരമവാർഷികം ‘സ്മൃതിപത്മം2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനാധിപത്യ സംവിധാനങ്ങളിൽ ആരോഗ്യപരമായ വിമർശനം മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. അത് എങ്ങനെയാവണമെന്ന് പത്മനാഭൻ നായർ കാട്ടിക്കൊടുത്തു. ഓരോ വിഷയത്തെയും ഹാസ്യാത്മകായി സമീപ്പിക്കുമ്പോഴും മാധ്യമ പ്രവർത്തനത്തിൽ ഔന്നത്യം അദ്ദേഹം പുലർത്തി. സാഹിത്യ മണ്ഡലത്തിൽ നിറഞ്ഞു നിന്ന പത്മനാഭൻ നായർ മാധ്യമ പ്രവർത്തകർക്ക് മാതൃകയായിരുന്നു. മൂന്നരപ്പതിറ്റാണ്ട് കാലം കുഞ്ചുക്കുറിപ്പിന് അടിക്കുറിപ്പ് എഴുതി. പരാമർശിക്കുന്ന വ്യക്തിയെപ്പോലും അദ്ദേഹം ചിരിപ്പിച്ചു. മാധ്യമ വിദ്യാർത്ഥിയായി തുടങ്ങുമ്പോൾ ഫോണിലാണ് ആദ്യമായി പത്മൻസാറുമായി സംസാരിച്ചത്. പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു പത്മൻ സാർ. വീട്ടിൽ പതിവായി കേട്ടിരുന്ന പേരായിരുന്നു പത്മനാഭൻ നായരുടേതെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിക്കുള്ള ഉപഹാരം പത്മനാഭൻ നായരുടെ മകനും മാധ്യമപ്രവർത്തകനുമായ പി. ജയകൃഷ്ണൻ നായർ നൽകി. കെ.സുരേഷ് കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. സീനിയർ സ്‌പോർട്സ് ജേർണലിസ്റ്റ് സനിൽ പി.തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി റോബിൻ പി.തോമസ്, സ്മൃതിപത്മം കോ-ഓർഡിനേറ്റർ അഡ്വ.ജി.ശ്രീകുമാർ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം ഷാലു മാത്യു എന്നിവർ സംസാരിച്ചു.