മുംബൈ: ഇന്ത്യൻ താരം വിരാട് കോലി, മുൻ താരം എം എസ് ധോണി എന്നിവരെ പിറകിലാക്കി ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ. ഏകദിനത്തിൽ സ്‌കോർ പിന്തുടരുമ്പോഴുള്ള ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണ് മാക്‌സ്‌വെൽ പടുത്തുയർത്തിയത്. ഇന്നലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 128 പന്തിൽ പുറത്താവാതെ 201 റൺസാണ് മാക്‌വെൽ നേടിയത്. സ്‌കോർ ചേസ് ചെയ്യുമ്പോഴുള്ള ഏറ്റവും മികച്ച സ്‌കോറാണിത്. ഇക്കാര്യത്തിൽ പാകിസ്ഥാൻ താരം ഫഖർ സമാൻ രണ്ടാമതായി. 2021ൽ ഫഖർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 193ന് പുറത്തായിരുന്നു.
2011ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ ഷെയ്ൻ വാട്‌സൺ പുറത്താവാതെ നേടിയ 185 റൺസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2005ൽ ശ്രീലങ്കയ്‌ക്കെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി പുറത്താവാതെ നേടിയ 183 റൺസാണ് നാലാമത്. 2012ൽ മിർപൂരിൽ പാകിസ്ഥാനെതിരെ വിരാട് കോലി അടിച്ചെടുത്ത 183 റൺസ് അഞ്ചാമതായി. ലോകകപ്പിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോർ കൂടിയാണ് മാക്‌സ്‌വെൽ സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിലാണ് ഒന്നാമത്. 2015 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താവാതെ 237 റൺസാണ് ഗപ്റ്റിൽ നേടിയത്.
രണ്ടാമത് വിൻഡീസ് താരം ക്രിസ് ഗെയ്ൽ. അതേ ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ ഗെയ്ൽ 215 റൺ നേടിയിരുന്നു. പിന്നാലെ മാക്‌സ്‌വെൽ. 1996 ലോകകപ്പിൽ യുഎഇക്കെതിരെ പുറത്താവാതെ 188 റൺസ് നേടിയ ഗാരി കേർസ്റ്റൺ അടുത്ത സ്ഥാനത്ത്. 1999 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ 183 റൺസ് നേടിയ സൗരവ് ഗാംഗുലിയും പട്ടികയിലുണ്ട്.
292 റൺസ് പിന്തുടരുമ്പോൾ ഓസീസ് നിരയിൽ മാക്‌സ്‌വെൽ ഒഴികെ മറ്റാർക്കും 25നപ്പുറമുള്ള സ്‌കോർ നേടാൻ സാധിച്ചിരുന്നില്ല. അവിടെയാണ് മാക്‌സി കളിച്ച ഇന്നിംഗ്‌സിന്റെ മഹത്വം മനസിലാവുക. നേരത്തെ, മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 38 റൺസിനിടെ റഹ്‌മാനുള്ള ഗുർബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസൽവുഡിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിന് ക്യാച്ച്. എന്നാൽ മൂന്നാം വിക്കറ്റിൽ റഹ്‌മത്ത് ഷാ (30) സദ്രാൻ സഖ്യം 121 റൺസ് കൂട്ടിചേർത്തു.
നല്ല രീതിയിൽ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോൾ റഹ്‌മത്ത് മടങ്ങി. ഗ്ലെൻ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തിൽ റൺസ് കണ്ടെത്താൻ അഫ്ഗാൻ താരങ്ങൾക്കായില്ല. ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമർസായ് (22), മുഹമ്മദ് നബി (12) എന്നിവർക്ക് തിളങ്ങാനായില്ല.