ഇടുക്കി: മൂന്നാർ – കുമളി സംസ്ഥാനപാതയിൽ ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധനം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവ് പുറത്തിറക്കിയത്. വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ആറു വരെയാണ് ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചത്. നിരോധന കാലയളവിൽ യാത്രക്കാർക്ക് മറ്റ് സമാന്തര പാതകൾ ഉപയോഗിക്കാം. പൊലീസ് ഇത് സംബന്ധിച്ച് നിർദേശം നൽകും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ അപകടം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് കലക്ടർ അറിയിച്ചു.
ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച വരെ മഞ്ഞ അലർട്ട്
ജില്ലയിൽ വ്യാഴാഴ്ച വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. പൊലീസ്, ഫയർ ഫോഴ്‌സ്, റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മലയോരമേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസം ശാന്തൻപാറ ചേരിയാർ ദളം ഭാഗത്ത് മൂന്നിടങ്ങളിലായാണ് ഉരുൾപൊട്ടിയത്. പത്തോളം വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പ്രശ്‌ന ബാധിത മേഖലയിൽ നിന്ന് തോട്ടം തൊഴിലാളികളും അതിഥി തൊഴിലാളികളും ഉൾപ്പെടെ 25 ഓളം പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാർപ്പിക്കും. പേത്തൊട്ടി, കള്ളിപ്പാറ മേഖലയിലെ കൃഷി നാശം രണ്ട് ദിവസത്തിനുള്ളിൽ പൂർണ്ണമായും വിലയിരുത്തുന്നതിനും തകരാറിലായ റോഡ് ഗതാഗതം എത്രയും വേഗം പുനസ്ഥാപിയ്ക്കുന്നതിനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.