വളകളും പൊട്ടുകളും റിബണും മുല്ലപ്പൂവും മധുര പലഹാരങ്ങളുമായാണ് ബന്ധുക്കളും സഹപാഠികളും നാളെ രാവിലെ 10ന് പഴയ മൂന്നാറിലെത്തുക. പഴയ മൂന്നാര്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപം ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിനു മുൻപിലാണ് ഒത്തുചേരലും പ്രാര്‍ഥനയും.
1984 നവംബര്‍ 7 നാണ് മൂന്നാറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ആട്ടുപാലം തകര്‍ന്ന് 14 കുട്ടികളാണ് അന്ന് മരിച്ചത്. 200 കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പഴയ മൂന്നാര്‍ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. 39 വര്‍ഷം മുൻപ് നവംബര്‍ 7 ന് രാവിലെ 11.30 നായിരുന്നു സംഭവം. ടാറ്റാ ഹൈറേഞ്ച് ക്ലബ്ബിന് മുകളില്‍ നിലത്തിറങ്ങാൻ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറക്കുന്നതിനിടെ അതുവരെ ഹെലികോപ്റ്റര്‍ കണ്ടിട്ടില്ലാത്ത കുട്ടികള്‍, ക്ലബ്ബിന് സമീപത്ത് മുതിരപ്പുഴക്ക് കുറുകെ സ്ഥാപിച്ചിരുന്ന ആട്ടുപാലത്തില്‍ കയറി മറുകരയിലെത്താൻ ശ്രമിച്ചു.ഇതിനിടെ പാലം പൊട്ടി ആറ്റില്‍ പതിക്കുകയായിരുന്നു.
അന്ന് 14 കുട്ടികളുടെ ജീവന്‍ പൊലിഞ്ഞു. 200 കുട്ടികളെ രക്ഷപ്പെടുത്തി. കുറച്ച് നാളുകള്‍ക്ക് ശേഷം പാലം നിര്‍മിച്ചെങ്കിലും കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിപ്പോയി.