തിരുവനന്തപുരം: പാറശാല പരശുവയ്ക്കൽ വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വീണ്ടും തീപിടിത്തം. മൂന്നുമാസത്തിനിടയിൽ അഞ്ചാം തവണയാണ് വില്ലേജ് ഓഫീസിൽ തീയിടാൻ ശ്രമം നടത്തുന്നത്. പൊലീസ് കാവൽ നിൽക്കുമ്പോഴാണ് തീപിടിച്ചത്. വില്ലേജ് ഓഫിസിലെ പുറകിലത്തെ ടോയിലറ്റിലാണ് ഇന്ന് തീപിടിത്തം ഉണ്ടായത്.
മൂന്ന് മാസത്തിനിടെ അഞ്ചാം തവണയാണ് വില്ലേജ് ഓഫിസ് തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നത്. പാറശ്ശാല പൊലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നുവർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയ സ്മാർട്ട് വില്ലേജ് ഓഫിസിലാണ് അജ്ഞാതൻറെ ആക്രമണം ഉണ്ടായത്. ദിവസങ്ങളുടെ ഇടവേളയിൽ അഞ്ചാം തവണയാണ് കത്തിക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ തവണ ഓഫിസ് മുറിയുടെ എയർഹോൾ വഴിയാണ് ഏറ്റവും ഒടുവിൽ അകത്തേക്ക് തീയിട്ടത്. തീയിട്ടെങ്കിലും ഭാഗ്യത്തിന് ഫയലിൽ വീണില്ല. തൊട്ടടുത്ത കസേരയിലാണ് തീപിടിച്ചത്. തീ പടരാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ മാസം കെഎസ്.ഇ.ബി മീറ്റർ ബോർഡിൽ തീയിട്ടിരുന്നു. അന്നും വലിയ അപടമില്ലാതെ രക്ഷപ്പെട്ടു. ഈമാസം ആദ്യം പെട്രോൾ ഒഴിച്ച് തീയിടാനായിരുന്നു ശ്രമം.
അന്നും വിലിയ തീപ്പിടുത്തമുണ്ടായില്ല. സാമൂഹ്യവിരുദ്ധരാണോ അതോ ഫയൽ ഏതെങ്കിലും നശിപ്പിക്കാൻ നടക്കുന്നവരാണോ പിന്നിലെന്ന് അറിയാതെ കുഴയുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനാകാതെ കുഴങ്ങിയിരിക്കുകയാണ് പാറശ്ശാല പൊലീസ്.