IndiaNEWS

80 കോടി ജനങ്ങൾക്ക് സന്തോഷവാർത്ത! സൗജന്യറേഷൻ 5 വർഷത്തേക്ക് കൂടി നീട്ടും, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം; പ്രഖ്യാപനം ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് റാലിയിൽ

ദില്ലി: കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അഞ്ച് വർഷം കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആയിരുന്നു പ്രഖ്യാപനം. പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ശക്തമായ ആരോപണങ്ങളും മോദി ഉന്നയിച്ചു. അവർ സാമ്പത്തിക നേട്ടങ്ങൾക്ക് മുൻഗണന നൽകുകയും, നിരന്തരം അഴിമതി നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള പാവങ്ങളെ കോൺഗ്രസ് വെറുക്കുന്നു. പാവപ്പെട്ടവർ എപ്പോഴും തങ്ങളുടെ മുന്നിൽ നിന്ന് അപേക്ഷിക്കണം, അതിനാൽ ദരിദ്രരെ നിലനിർത്തണമെന്നും അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ദരിദ്രർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാറിന്റെ എല്ലാ പ്രവൃത്തികളും തടയാൻ കോൺഗ്രസ് സർക്കാർ സർവശക്തിയും ഉപയോഗിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെ അനീതിയും അഴിമതിയും നിങ്ങൾ സഹിച്ചുകഴിഞ്ഞു. എന്നെ വിശ്വസിക്കൂ, ഇനി 30 ദിവസങ്ങൾ മാത്രം ബാക്കിയുണ്ട്. അതിനുശേഷം നിങ്ങൾ ഈ പ്രശ്‌നങ്ങളിൽ നിന്ന് മുക്തരാകും- പ്രധാനമന്ത്രി പറഞ്ഞു.

Signature-ad

ഇതിനു പുറമെ, ഒബിസി പ്രധാനമന്ത്രിയെയും മുഴുവൻ ഒബിസി സമൂഹത്തെയും കോൺഗ്രസ് അധിക്ഷേപിക്കുകയാണ്. എന്നാൽ അധിക്ഷേപങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ വരും ദിവസങ്ങളിൽ രാഷ്രട്രീയ വാക്പോരിന് കളമൊരുക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾ.

അതേസമയം, ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത് . നേരത്തെ. മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഛത്തീസ്ഘട്ടില്‍ 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ടോടെ 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഘട്ടിലുള്ളത്. ഏഴു സീറ്റുകളിലേക്ക് കൂടിയാണ് ഇനി കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.

Back to top button
error: