കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില ഇപ്പോഴും അതീവഗുരുതരമായി തുടരുന്നു. സാധ്യമായ എല്ലാ ചികിത്സയും ഇവര്‍ക്ക് നല്‍കുന്നുണ്ട്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം ഇന്നലെ സംസ്ക്കരിച്ചു. കൊരട്ടിയിലെ സെമിത്തേരിയിലാണ് സംസ്ക്കാരം നടന്നത്. ലിബിനയുടെ അമ്മ സാലിയും ജേഷ്ഠ സഹോദരന്‍ പ്രവീണും ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു സഹോദരന്‍ രാഹുലും പൊള്ളലേറ്റ് ചികിത്സയിലാണ്
കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. യഹോവ സാക്ഷികളോടുള്ള വിയോജിപ്പാണ് ബോംബിടാന്‍ കാരണമെന്നാണ് ഡൊമനിക് മാര്‍ട്ടിന്‍ പൊലീസിനോട് വ്യക്തമാക്കിയത്. ഫോണില്‍ ചിത്രീകരിച്ച തെളിവുകളെല്ലാം പൊലീസിന് കൈമാറി. യുഎപിഎ ചുമത്തിയിട്ടും കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും കൊച്ചിയുടെ സുരക്ഷ വര്‍ധിക്കാന്‍ ഒന്നും ചെയ്തില്ലെന്നാണ് പൊലീസിനു നേരെ ഉയരുന്ന ആക്ഷേപം. പൊലീസിലെ ആള്‍ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മുപ്പത് ലക്ഷത്തിലേറെ ആളുകളാണ് നഗരത്തിലുള്ളത്. ഇവിടെ വന്നുപോകുന്നവരുടെ കണക്കെടുപ്പ് സാധ്യവുമല്ല. നഗരത്തില്‍ സുരക്ഷയൊരുക്കാന്‍ കൊച്ചി കമ്മീഷണറേറ്റിലെ 30 പൊലീസ് സ്റ്റേഷനുകളിലായി ആകെയുള്ളത് 2000ത്തോളം പൊലീസുകാർ മാത്രം. അംഗബലം കൂട്ടാതെ രക്ഷയില്ലെന്നാണ് സേനക്കുള്ളിലെ പൊതു സംസാരം.
കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്