KeralaNEWS

ഷൗക്കത്തിന് കെ.പി.സി.സി. വിലക്ക്; റാലി നടത്തില്ലായിരുന്നെങ്കില്‍ പ്രത്യാഘാതം പാര്‍ട്ടിക്കെന്ന് വിശദീകരണം

തിരുവനന്തപുരം: പാര്‍ട്ടി വിലക്കിയിട്ടും മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിനടത്തിയ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നടപടി പരിശോധിക്കാന്‍ വിഷയം അച്ചടക്കസമിതിക്കുവിട്ടു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അതുവരെ പാര്‍ട്ടിപരിപാടികളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അദ്ദേഹത്തോട് കെ.പി.സി.സി. നിര്‍ദേശിച്ചു. കെ.പി.സി.സി. നല്‍കിയ വിശദീകരണ നോട്ടീസിന് ആര്യാടന്‍ ഷൗക്കത്ത് മറുപടിനല്‍കിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നായിരുന്നു വിശദീകരണം. പിന്മാറിയിരുന്നെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണുണ്ടാകുകയെന്ന് അദ്ദേഹം മറുപടിയില്‍ പറഞ്ഞു.

ആര്യാടന്‍ ഫൗണ്ടേഷന്‍ വെള്ളിയാഴ്ച മലപ്പുറത്ത് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഒഴിവാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണത്തെക്കാളേറെ ദോഷമാകുമായിരുന്നുവെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് ഇ-മെയിലില്‍ അയച്ച വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. റാലി വിഭാഗീയപ്രവര്‍ത്തനമാണെന്ന് കെ.പി.സി.സി. തെറ്റിദ്ധരിച്ചതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

Signature-ad

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിഭാഗീയപ്രവര്‍ത്തനമല്ല. സ്വാതന്ത്ര്യസമരകാലം മുതലുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപിതനിലപാടാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യം. ഒക്ടോബര്‍ 21-നുതന്നെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. വിപുലമായ ജനസംഗമങ്ങളുടെ സമാപനമെന്നനിലയ്ക്കാണ് റാലി നടത്തിയത്.

ആര്യാടന്‍ ഫൗണ്ടേഷന്‍ റാലി പ്രഖ്യാപിച്ചതിനുശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റാലി തീരുമാനിച്ചത്. ആ റാലിയില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളടക്കം സജീവമായി പങ്കെടുത്തതാണ്.

ഫൗണ്ടേഷന്റെ റാലിയുടെ തലേന്ന് വൈകീട്ടുമാത്രമാണ് കെ.പി.സി.സി.യുടെ അറിയിപ്പ് കിട്ടിയത്. പെട്ടെന്ന് റാലി ഒഴിവാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്കുതന്നെ ദോഷമാകുമായിരുന്നു. റാലിയോ ആര്യാടന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളോ ഒരുതരത്തിലും വിഭാഗീയപ്രവര്‍ത്തനമല്ലെന്നും ഷൗക്കത്ത് കത്തില്‍ വിശദീകരിച്ചു.

എന്നാല്‍, പാര്‍ട്ടിയുടെ എതിരാളികളെ സഹായിക്കുന്നരീതിയില്‍ തുടര്‍ച്ചയായി ഷൗക്കത്ത് അച്ചടക്കലംഘനം നടത്തുകയാണെന്ന് ഇതിനുമറുപടിയായി നല്‍കിയ കത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞമാസം 27-നുതന്നെ കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും സമാന്തരപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും സംഘടനാകാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാമെന്നും ഉറപ്പുനല്‍കിയത് കത്തില്‍ ഓര്‍മിപ്പിച്ചു. എന്നാല്‍, ഷൗക്കത്ത് രണ്ടുപ്രാവശ്യമായി നല്‍കിയ കത്തിലും ഇക്കാര്യം വിസ്മരിക്കുകയാണ്. പരിപാടി മാറ്റിവെക്കാന്‍ ഒരാഴ്ച സമയമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിതീരുമാനത്തെ വെല്ലുവിളിച്ച് സമാന്തരപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയായിരുന്നു. പാര്‍ട്ടിനേതൃത്വത്തെ തുടര്‍ച്ചയായി ധിക്കരിച്ച് വിഭാഗീയപ്രവര്‍ത്തനം നടത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ഷൗക്കത്ത് നടത്തുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്ന ഇത്തരം പ്രവര്‍ത്തനം ഗൗരവമായ തെറ്റായാണ് പാര്‍ട്ടി കാണുന്നതെന്നും അദ്ദേഹത്തിന് നല്‍കിയ കത്തില്‍ പറയുന്നു.

 

 

Back to top button
error: