ചില രോഗങ്ങളുടെ കാര്യത്തിൽ ഔഷധത്തോടൊപ്പം ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് അതിവേഗം രോഗശമനം നൽകാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അർശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്.
കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അർശസ്, ദഹനപ്രശ്നങ്ങൾ, അതിസാരം, സന്ധിവേദന, ആർത്തവപ്രശ്നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.
പ്രമേഹമുള്ളവർക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്പും ഒഴിവാക്കി ചേനയ്ക്കൊപ്പം പയറ് ചേർത്ത് പുഴുക്ക് മാത്രമായി ആഴ്ചയിൽ ഒന്ന് രണ്ട് തവണ കഴിക്കാം.
പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകൾക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പർ, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോൾ, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോൾ, ലൂപിയോൾ, ഫ്ളേവനോയ്ഡുകൾ ഇവയും ചേനയിലെ ഘടകങ്ങളിൽ ചിലതാണ്.
ചേനയുടെ ഇലയും ഔഷധയോഗ്യമാണ്. ഇതിന്റെ ഇല കൊണ്ട് ഉണ്ടാക്കുന്ന തോരൻ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചേന മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടെടുത്തോ, ആവിയിൽ വേവിച്ചോ, അൽപ്പം എണ്ണയും ഇന്തുപ്പും കൂട്ടി ഭക്ഷണത്തിനുപകരം കഴിച്ച് മീതെ മോര് കുടിച്ചാൽ ഒരു മാസം കൊണ്ട് തന്നെ മൂലക്കുരുവിനെ ഉന്മൂലനാശം ചെയ്യാവുന്നതാണ്.
ചേന വേവിച്ച് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം രണ്ടുനേരം അയ്യം പന ഇടിച്ചുപിഴിഞ്ഞ നീരിൽ ചേർത്ത് ചാലിച്ചു ഭക്ഷണത്തിനു മുമ്പ് കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ല ഫലം ചെയ്യുന്ന ഒരു ചികിത്സയാണ്.