തൃശൂർ: ഹൈക്കോടതിയുടെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധന ഉത്തരവിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രതിനിധികൾ. കോടതി ഉത്തരവ് വിഡ്ഢിത്തരമാണെന്ന് വടക്കുന്നാഥൻ ഉപദേശക സമിതി സെക്രട്ടറി ഹരിഹരൻ പറഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതെന്നും ഹരിഹരൻ പറഞ്ഞു.
വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പ്രതികരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വെടിക്കെട്ട് നടത്താറുള്ളത്. കോടതി വിധി ബാധകമായാൽ നിയമനടപടി സ്വീകരിക്കുമെന്നും ശശിധരൻ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് കുമാർ പ്രതികരിച്ചു. പെസോ അനുവാദത്തോടെ നടത്തുന്ന ഏക വെടിക്കെട്ട് തൃശൂർ പൂരത്തിന്റേതാണ്. നിരോധിത ഉല്പന്നങ്ങൾ പൂരത്തിന് ഉപയോഗിക്കാറില്ല. ശബ്ദ നിരീക്ഷണവും ഉണ്ട്. ഹൈക്കോടതി ഉത്തരവ് എല്ലാവരേയും കേട്ടിട്ടുള്ളതല്ല. ഒരു പ്രത്യേക കേസിലുള്ളതാണ്. എന്നാൽ ഓഡറിനെ ചലഞ്ച് ചെയ്യും. മതപരമായ കേന്ദ്രങ്ങളിൽ നിരോധിച്ച് മറ്റിടങ്ങളിൽ അനുവദിക്കുന്നത് തുല്യ നീതിയല്ല. കേരളത്തിലെയും തമിഴ് നാട്ടിലേയും തൊഴിലാളികളെ ബാധിക്കുമെന്നും ജി രാജേഷ് കുമാർ പറഞ്ഞു.
ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.