KeralaNEWS

”പലതവണ പറഞ്ഞതാണ്; വാക്കുകള്‍ സൂക്ഷിച്ചുവേണം”… സുധാകരന്റെ അധിക്ഷേപത്തില്‍ സലാം

മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ അധിക്ഷേപത്തെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. പലതവണ തങ്ങള്‍ ഇക്കാര്യം പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ഫലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന ഇ.ടിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു സുധാകരന്റെ അധിക്ഷേപകരമായ പരാമര്‍ശം. അടുത്ത ജന്മത്തില്‍ പട്ടിയാകണമെന്നു കരുതി ഇപ്പോള്‍ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു വിവാദ പരാമര്‍ശം. സുധാകരന്‍ എന്ത് ഉദ്ദേശ്യത്തിലാണ് ഇതു പറഞ്ഞതെന്ന് അറിയില്ലെന്ന് പി.എം.എ സലാം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു. സി.പി.എം പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം നാളത്തെ ലീഗ് യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Signature-ad

സുധാകരന്‍ മാത്രമല്ല, ആരായാലും ഒരു മനുഷ്യനാണെങ്കില്‍ ഉപയോഗിക്കേണ്ട വാക്കുകളുണ്ട്. പ്രത്യേകിച്ച് ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഇതു പലതവണ ഞങ്ങള്‍ പറഞ്ഞതാണ്. എന്തു സാഹചര്യത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

ലീഗ് ഐക്യ ജനാധിപത്യ മുന്നണിയില്‍ തന്നെയാണുള്ളത്. അത് സുധാകരന്‍ പറയേണ്ട കാര്യമില്ലെന്നായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പറയേണ്ടത് അവരാണ്. സി.പി.എം റാലി സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ, പങ്കെടുക്കുന്ന കാര്യം നേതൃത്വം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ലീഗിനെ ക്ഷണിച്ചതില്‍ തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: