ഇസ്ലാമാബാദ്: രാജ്യത്ത് താമസിക്കുന്ന നൂറു കണക്കിന് അഫ്ഗാനികളെ പാകിസ്ഥാൻ സുരക്ഷാ സേന പിടികൂടി നാടുകടത്തുകയും നിരവധി പേരെ തടവിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
രേഖകളില്ലാത്തതോ രജിസ്റ്റര്‍ ചെയ്യാത്തതോ ആയ എല്ലാ വിദേശികളെയും ലക്ഷ്യമിടുന്ന പുതിയ കുടിയേറ്റ വിരുദ്ധ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ നാടുകടത്തല്‍. രേഖകളില്ലാതെ പാകിസ്ഥാനിലെ ഏകദേശം 2 ദശലക്ഷം അഫ്ഗാനികള്‍ താമസിക്കുന്നുണ്ട്. പുതിയ തീരുമാനം ഇവരെയെല്ലാവരെയും ബാധിക്കും.
തുറമുഖ നഗരമായ കറാച്ചിയിലും ഗാരിസണ്‍ നഗരമായ റാവല്‍പിണ്ടിയിലും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലെയും വടക്കുപടിഞ്ഞാറൻ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെയും വിവിധ പ്രദേശങ്ങളിലാണ് പ്രധാനമായും നാടുകടത്തല്‍ നടന്നത് .
താലിബാൻ പിടിച്ചടക്കലിനിടെ അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്തവരാണിവർ. പ്രത്യേക അഭയാര്‍ത്ഥി പദ്ധതി പ്രകാരം അമേരിക്കയിലേക്ക് പോകുന്നതിനായി കാത്തിരിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഈ അപ്രതീക്ഷിത നീക്കം.