KeralaNEWS

ശബരിമലയിലെ  കാട്ടുപന്നികളെ പിടികൂടി മുണ്ടക്ക‍യത്ത് തുറന്നുവിട്ടു; വനംവകുപ്പിനെതിരെ ജനങ്ങളുടെ പ്രതിഷേധം

മുണ്ടക്കയം: മണ്ഡലകാലം തുടങ്ങുന്നതിന് മുന്നോടിയായി പമ്ബയില്‍ അലഞ്ഞുതിരിയുന്ന കാട്ടുപന്നികളെ അര്‍ധരാത്രിയില്‍ ലോറിയില്‍ എത്തിച്ച്‌ മുണ്ടക്കയത്തെ ജനവാസ മേഖലയില്‍ തുറന്നുവിട്ടതിൽ വ്യാപക പ്രതിഷേധം.

കഴിഞ്ഞ രാത്രിയിലാണ് മുണ്ടക്കയത്തിന് സമീപം കൊമ്ബുകുത്തി, ചെന്നാപ്പാറ മേഖലകളില്‍ പന്നികളെ എത്തിച്ച്‌ തുറന്നുവിട്ടത്. പമ്ബ ജ്യോതിയുടെ ലോറിയില്‍ കൊണ്ടുവന്ന പന്നികളെ പ്രദേശത്ത് തുറന്നുവിടുന്നതിനെതിരേ നാട്ടുകാര്‍ സംഘടിച്ച്‌ രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ വനംവകുപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Signature-ad

കഴിഞ്ഞ മണ്ഡലകാലത്തിന് മുൻപ് പന്നികളെ പമ്ബാവാലി മേഖലയിലെ എയ്ഞ്ചല്‍വാലിയില്‍ എത്തിച്ച്‌ തുറന്നുവിട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രദേശത്ത് കാട്ടുപന്നികള്‍ വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ പ്രദേശങ്ങളായ കൊമ്ബുകുത്തി ചങ്ങാപാറ മേഖലകളിലാണ് പന്നികളെ ഇറക്കിവിട്ടത്.

വന്യമൃഗ ശല്യത്താല്‍ കൃഷി വരെ ഉപേക്ഷിക്കുവാൻ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സമയത്താണ് ഇരട്ടി ദുരിതമായി കാട്ടുപന്നികളെയും കൊണ്ട് ഇറക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ചെന്നപ്പാറ പ്രദേശത്ത് ജനവാസ മേഖലകളായ ലയങ്ങളുടെ സമീപത്ത് പന്നികള്‍ എത്തിത്തുടങ്ങി.

പമ്ബയില്‍ ആളുകള്‍ കൂടുന്ന സ്ഥലത്തു കൂടി വെറുതെ നടക്കുന്ന പന്നികള്‍ക്ക് മനുഷ്യരെ പേടിയില്ല. അതുകൊണ്ടുതന്നെ പകല്‍ സമയങ്ങളില്‍ ഇവ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കും.

കര്‍ഷകര്‍ക്ക് ദുരിതം വിതയ്ക്കുന്ന വനംവകുപ്പിന്‍റെ നടപടി അപലപനീയമാണെന്ന് കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ ഷൈൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് മേഖലയിലെ കര്‍ഷകര്‍.

Back to top button
error: