KeralaNEWS

കേരം തിങ്ങും കേരളനാട് ! 67@കേരളം

ഹ്യന്റെ മടിത്തട്ടിൽ തലതാഴ്ത്തി ഉറങ്ങുന്ന കേരളം. പടിഞ്ഞാറ് പരന്നൊഴുകുന്ന അറബിക്കടൽ. കിഴക്ക് പശ്ചിമഘട്ടം. വടക്കുകിഴക്ക് കർണാടകം, തെക്കുകിഴക്ക് തമിഴ്നാട്. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെ നിരവധി സംസ്കാരങ്ങളാൽ സമ്പന്നമായ നാട്.

മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്നിരുന്ന കേരളം ഭാഷ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിനാണ് രൂപം കൊണ്ടത്.കേരളത്തിന്റെ 14 ജില്ലകൾക്കുമുണ്ട് ഓരോ കഥ പറയാൻ. മലയാളം മാത്രമല്ല, തമിഴ് കൊങ്കണി, തുളു തുടങ്ങിയ ഒട്ടുമിക്ക ഭാഷകളുടെയും സ്വാധീനം കേരളത്തിൽ കാണാൻ സാധിക്കും.

കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് സംസ്ഥാനത്തിന് കേരളം എന്ന് പേര് കിട്ടിയതെന്നാണ് പൊതുവേയുള്ള അഭിപ്രായം. കേരം എന്ന പദവും സ്ഥലം എന്ന അർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം ഉണ്ടായതെന്നും പറയുന്നു.എന്തായാലും ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.

Signature-ad

നദികളും വനങ്ങളും മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ചേർന്ന് സമ്പന്നമാണ് കേരളം.പശ്ചിമഘട്ടത്തിന്റെ നല്ലൊരു ഭാഗം അതിർത്തി പങ്കിടുന്ന കേരളം  പ്രകൃതിസമ്പത്തിനാലും അനുഗൃഹീതമാണ്. പൈതൃക പട്ടികയിലുൾപ്പെടുത്തിയിരിക്കുന്ന 39 കേന്ദ്രങ്ങളിൽ 19 കേന്ദ്രങ്ങൾ കേരളത്തിലുള്ളതാണ്.

ഇടതൂർന്ന നിത്യഹരിത വനങ്ങൾകൊണ്ട് പശ്ചിമഘട്ടം ആവരണം ചെയപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട മഴക്കാടുകളിലൊന്നായ സൈലൻറ് വാലി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവ സംരക്ഷണ കേന്ദ്രം എന്നിവയും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു. ഗിരിനിരകളാലും അമൂല്യമായ വനനിബിഡതയാലും സസ്യജന്തുമൃഗാദികളാലും സമ്പന്നമാണ് പശ്ചിമഘട്ടം. ഈ അമൂല്യ കലവറയുടെ പരിസ്ഥിതിപ്രാധാന്യം കണക്കിലെടുത്ത് പശ്ചിമഘട്ടത്തെ 2012 ജൂൺ ഒന്നിന് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

580 കിലോമീറ്ററാണ് കേരളത്തിലെ കടൽത്തീരത്തിന്റെ ദൈർഘ്യം. വയനാട്, ഇടുക്കി, പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നിവയാണ് കടൽത്തീരമില്ലാത്ത ജില്ലകൾ. കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്. പ്രശസ്തമായ കോവളവും ഏറ്റവും ആഴം കൂടിയ തുറമുഖവുമായ വിഴിഞ്ഞവും കേരളത്തിലാണ്.

 

കേരളത്തിലെ ഭൂമിയെ പൊതുവെ മൂന്നു വിഭാഗങ്ങളായി തിരിക്കാം

1) മലനാട്

2) ഇടനാട്

3) സമതലം

മലനാട്: കിഴക്കേ അതിർത്തിയിൽ കിടക്കുന്ന സഹ്യപർവതനിരയാണ് മലനാട്. ഇവിടം പർവതവനനിരകളാൽ നിബിഡമാണ്.

സമതലം: പടിഞ്ഞാറ് കടൽത്തീരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് സമതലം. മണൽനിറഞ്ഞ പ്രദേശമാണിത്. നാളികേരം സമൃദ്ധമായി വളരുന്ന ഈ ഭാഗത്ത് വലിയതോതിൽ നെൽകൃഷിയുമുണ്ട്.

 

ഇടനാട്: സമതലത്തിനും മലനാടിനും ഇടക്കുള്ളതാണ് ഇടനാട്. മണ്ണിൽ ചെങ്കല്ലിന്റെ കലർപ്പാണ് ഈ മേഖലയിലുള്ളത്. മരച്ചീനി,സുഗന്ധദ്രവ്യങ്ങൾ, കശുവണ്ടി, തേയില–ഏലത്തോട്ടങ്ങൾ, കുരുമുളക്, റബർ, ഇഞ്ചി മുതലായവ വലിയതോതിൽ വിളയുന്നു.

 

ലാറ്ററൈറ്റ്, ചെമ്മണ്ണ്, തീരദേശ അലൂവിയൽ മണ്ണ്, നദികളിലെ അലൂവിയൽ മണ്ണ്, കറുത്ത മണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങൾ. കേരളഭൂമിയുടെ 70 ശതമാനത്തോളം ഭാഗത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭാഗത്താണ് കറുത്തമണ്ണ് കാണപ്പെടുന്നത്.

 

നദികളുടെ കാര്യത്തിലും സമ്പന്നമാണ് കേരളം. 44 നദികളാണ് കേരളത്തിലുള്ളത്. അതിൽ 41ഉം പടിഞ്ഞാറോട്ടൊഴുകുന്നു. കിഴക്കോട്ടൊഴുകുന്ന മൂന്നെണ്ണമായ പാമ്പാർ, ഭവാനി, കബനി എന്നിവ  കാവേരിയുടെ പോഷകനദികളാണ്. ഈ 44 നദികളിൽ ഏറ്റവും വലുതും ജലസമൃദ്ധിയുള്ളതും നീളംകൂടിയതുമായ നദി പെരിയാറാണ്. ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവയാണ് വലുപ്പത്തിന്റെ സ്ഥാനത്ത് അടുത്തുനിൽക്കുന്ന നദികൾ. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള നദി മഞ്ചേശ്വരം പുഴയാണ്. ഏറ്റവും തെക്കേയറ്റത്തുള്ള നദി നെയ്യാറാണ്. ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലട ജലസേചന പദ്ധതിയാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ടാണ് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്. മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ എന്നിവയാണ് കേരളത്തിലെ മറ്റു പ്രധാന ജലസേചന പദ്ധതികൾ.

 

കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാർ. സഹ്യപർവതനിരയിലെ ശിവഗിരി മലയിൽനിന്ന് ഉദ്ഭവിക്കുന്ന ഇതിന്റെ നീളം 244 കിലോമീറ്ററാണ്. ഇടുക്കി ഡാം ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്.

 

കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് മഞ്ചേശ്വരം പുഴ. 16 കിലോമീറ്റർ മാത്രമാണ് ഇതിന്റെ നീളം. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നദികൂടിയാണിത്. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി നെയ്യാറാണ്.

 

സമൃദ്ധമായ നദികളെ കൂടാതെ സമുദ്രതീരത്തിന് സമാന്തരമായി കിടക്കുന്ന കായലുകളാലും തോടുകളാലും സമ്പന്നമാണ് കേരളം. പുഴകളും അരുവികളും ഈ ജലാശയങ്ങളെ നിറക്കുന്നു. കേരളത്തിന്റെ ദക്ഷിണോത്തര ഭാഗങ്ങൾക്കിടയിലുള്ള ഗതാഗതത്തിന് പ്രധാനമായും ഇവയെ ആശ്രയിക്കുന്നു. വേമ്പനാട്, അഷ്ടമുടി, കഠിനംകുളം, വേളി, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട, കുമ്പള, കൽനാട്, കവ്വായി, ബേക്കൽ മുതലായവയാണ് കേരളത്തിലെ പ്രധാന കായലുകൾ. ആലപ്പുഴ തൊട്ട് കൊച്ചി വരെ 52 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായലാണ് കേരളത്തിലെ കായലുകളിൽ ഏറ്റവും വലുത്. അഷ്ടമുടിക്കായലും കായംകുളം കായലുമാണ് വലുപ്പത്തിന്റെ കാര്യത്തിൽ മറ്റു പ്രധാന കായലുകൾ.

 

പൂക്കോട്, വെള്ളായണി, ശാസ്താംകോട്ട കായൽ, മനക്കൊടി കായൽ, മൂരിയാട് തടാകം, കാട്ടകാമ്പാൽ തടാകം, ഏനാമാക്കൽ തടാകം എന്നിവയാണ് കേരളത്തിലെ പ്രധാന ശുദ്ധജല തടാകങ്ങൾ. ഏറ്റവും വലിയ ശുദ്ധജല തടാകമാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായൽ. 1.44 ചതുരശ്ര മൈൽ വിസ്തൃതിയാണ് ഈ ശുദ്ധജല തടാകത്തിനുള്ളത്. കായലുകൾ ചില ഭാഗങ്ങളിൽ അഴികൾ മുഖേന സമുദ്രവുമായി സന്ധിക്കുന്നു. നീണ്ടകര, കൊച്ചി, ചേറ്റുവ, കൊടുങ്ങല്ലൂർ, വളപട്ടണം (അഴീക്കൽ) എന്നിവയാണ് കേരളത്തിലെ അഴികൾ.

 

ഇടുക്കി, വയനാട് ജില്ലകളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിൽ കൂടിയും റെയിൽവേ ശൃംഖല കടന്നുപോകുന്നു. 1861 മാർച്ചിൽ ബേപ്പൂരിൽനിന്ന് തിരൂർ വരെയായിരുന്നു കേരളത്തിലെ ആദ്യ റെയിൽപാത.

 

തിരുവനന്തപുരം വിമാനത്താവളമാണ് കേരളത്തിലെ ആദ്യ വിമാനത്താവളം. പിന്നീട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയും നിലവിൽവന്നു. കൊച്ചി വെല്ലിങ്ടൺ ഐലൻഡിലുള്ള വിമാനത്താവളം നാവിക സേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിച്ചുപോരുന്നു.

 

കേരളത്തിലെ മുഖ്യമന്ത്രിമാർ

ഇ.എം.എസ്. നമ്പൂതിരിപ്പാട്

പട്ടം എ. താണുപിള്ള

ആർ. ശങ്കർ

സി. അച്യുതമേനോൻ

കെ. കരുണാകരൻ

എ.കെ. ആൻറണി

പി.കെ. വാസുദേവൻ നായർ

സി.എച്ച്. മുഹമ്മദ് കോയ

ഇ.കെ. നായനാർ

ഉമ്മൻ ചാണ്ടി

വി.എസ്. അച്യുതാനന്ദൻ

പിണറായി വിജയൻ

Back to top button
error: