ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന എംപി കോത്ത പ്രഭാകര്‍ റെഡ്ഡിക്കു കുത്തേറ്റു. സിദ്ധിപേട്ട് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഡി ഒരു പാസ്റ്ററുടെ വീട്ടിലേക്കു പോകുന്നതിനിടെയാണു സംഭവം.
യാത്രാമധ്യേ അപരിചിതനായ ഒരാള്‍ വന്ന് എംപിക്കു കൈകൊടുത്തു. തുടര്‍ന്ന് ഇയാള്‍ പെട്ടെന്ന് കത്തിയെടുത്ത് പ്രഭാകര്‍ റെഡ്ഡിയെ കുത്തുകയായിരുന്നു. ബിആര്‍എസ് പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടി. അക്രമി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സിദ്ധിപേട്ട് പൊലീസ് കമ്മിഷണര്‍ എന്‍. ശ്വേത പറഞ്ഞു.
മേഥക് എംപിയാണ് പരുക്കേറ്റ കോത്ത പ്രഭാകര്‍ റെഡ്ഡി. വയറില്‍ പരുക്കേറ്റ അദ്ദേഹത്തെ ഗജ്വെല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാകര്‍ റെഡ്ഡിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 30ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദബ്ബാക്ക മണ്ഡലത്തില്‍നിന്ന് റെഡ്ഡി മത്സരിക്കുന്നുണ്ട്.