IndiaNEWS

സിസോദിയക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി; മദ്യനയ അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയക്ക് തിരിച്ചടി. മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഇഡി അറിയിച്ചത് കണക്കിലെടുത്താണ് തീരുമാനം. പൂര്‍ത്തിയായില്ലെങ്കില്‍ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നല്‍കാം.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. മദ്യനയ അഴിമതിയിലെ ഇഡി കേസില്‍ അനന്തമായി സിസോദിയയെ ജയിലില്‍ ഇടാനാകില്ലെന്നും കേസില്‍ വിചാരണ എന്നും തുടങ്ങുമെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഒക്ടോബര്‍ 17 നാണ് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്.

Signature-ad

അതേസമയം, മദ്യനയ കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കുന്നത് ആലോചനയിലാണെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം നടപടിയെടുക്കാനാണ് ആലോചന. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. നേരത്തേ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കവേയാണ് ഇക്കാര്യം ഇഡി കോടതിയെ അറിയിച്ചത്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. സിസോദിയയുടെ ഉള്‍പ്പെടെ 52.24 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയുടെ ഫ്‌ളാറ്റും ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് വകകള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.

 

 

 

Back to top button
error: