KeralaNEWS

തീവ്രവാദ ആക്രമണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങള്‍ പരാജയപ്പെട്ടു. ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Signature-ad

എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലും അതിന് ശേഷം പ്രതി സംസ്ഥാനം വിട്ടതിലും പൊലീസിന് വീഴ്ചയുണ്ടായിരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പിണറായി സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിച്ചു പോരുന്നത്. തീവ്രവാദ ശക്തികളോടുള്ള സര്‍ക്കാരിന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ കേരളം വലിയ അപകടത്തിലേക്കാവും പോവുകയെന്ന് ഉറപ്പാണ്. ഗുണ്ടകളും ക്രിമിനലുകളും മാഫിയകളും അഴിഞ്ഞാടുമ്ബോഴാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ബോംബ് സ്ഫോടനങ്ങളും സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ബോംബ് സ്ഫോടനങ്ങള്‍ നടക്കാത്തതിന് കാരണം അവിടത്തെ ഭീകരവിരുദ്ധ സേന പുലര്‍ത്തുന്ന ജാഗ്രതയും കേന്ദ്ര ഏജൻസികളുമായുള്ള കോര്‍ഡിനേഷനുമാണ്. എന്നാല്‍ സംസ്ഥാനത്ത് അങ്ങനെയൊരു ഏകോപനം നടക്കുന്നില്ല. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ ഭരിക്കുമ്ബോള്‍ കേരളത്തിന്റെ സുരക്ഷയില്‍ ജനങ്ങള്‍ ആശങ്കയുണ്ട്.

ഹമാസ് ഉന്നത നേതാവ് മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമി നടത്തിയ പരിപാടിയില്‍ പങ്കെടുത്തിട്ടും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടും പൊലീസ് കേസെടുക്കാത്തത് സംശയാസ്പദമാണ്. മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഹമാസ് അനുകൂല സമ്മേളനത്തിലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിട്ടും കേസെടുത്തില്ലെന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ മുന്നണികള്‍ തീവ്രവാദ- വിധ്വംസക ശക്തികളോട് കാണിക്കുന്ന മ‍ൃദുസമീപനം അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: