CrimeNEWS

നാല് കുട്ടികളുടെ പിതാവുമായി അടുപ്പം, എതിര്‍ത്തിട്ടും പിന്മാറിയില്ല; 24 വയസുകാരിയെ വെടിവെച്ച് കൊന്നത് കാമുകന്റെ സഹോദരന്‍

ന്യൂഡല്‍ഹി: യുവതിയെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട യുവതിയുടെ
കാമുകന്റെ സഹോദരനാണ് അറസ്റ്റിലായത്. ജൈത്പുര്‍ സ്വദേശിയായ പൂജ യാദവ് (24) നെയാണ് തോക്കുധാരികള്‍ ഡല്‍ഹിയിലെ വീട്ടില്‍ അതിക്രമിച്ച് കയറി വെടിവെച്ച് കൊലപ്പെടുത്തിയത്.

പൂജയുടെ കാമുകനായ കൃഷ്ണയുടെ സഹോദരന്‍ റോക്കി എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പൂജയും കൃഷ്ണയും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. 37 കാരനായ കൃഷണ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്.

Signature-ad

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് യുവതി കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് പ്രതികള്‍ യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികള്‍ പൂജയ്ക്ക് നേരെ അഞ്ചുതവണ നിറയൊഴിച്ചു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ആളുകള്‍ ബഹളം വെച്ചതോടെ പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

പൂജയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റോക്കി അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ റോക്കില്‍ ശക്തമായി എതിര്‍ത്തിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും ബന്ധം തുടര്‍ന്നതോടെയാണ് പൂജയെ കൊലപ്പെടുത്താന്‍ റോക്കി തീരുമാനിച്ചത്. ഒളിവില്‍ പോയ രണ്ടാം പ്രതിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ കൃഷ്ണയും പൂജയും തമ്മില്‍ പരിചയത്തിലായത്. ഇരുവരും പ്രണയത്തിലായതോടെ കുടുംബം എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് പൂജയുമായുള്ള ബന്ധം കൃഷ്ണ തുടരുകയായിരുന്നു. യുവതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

 

 

Back to top button
error: