CrimeNEWS

ധോണിയുടെ പേരുപറഞ്ഞ് യുവതിയെ കബളിപ്പിച്ചു; ജാര്‍ഖണ്ഡില്‍ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

റാഞ്ചി: ബൈക്കിലെത്തിയ രണ്ടംഗ സംഘം ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ പേര് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ മൂന്നു ദിവസം മുന്‍പാണ് സംഭവം. ധോണി പാവപ്പെട്ടവര്‍ക്ക് പണവും വീടും നല്‍കുന്നുണ്ടെന്ന് പറഞ്ഞാണ് മധുദേവി എന്ന യുവതിയെ കബളിപ്പിച്ചത്.

മൂന്നു ദിവസം മുന്‍പ് മധുദേവി ഒന്നരയും എട്ടും വയസ്സു പ്രായമുള്ള പെണ്‍മക്കളുമായി കടയില്‍ സാധനം വാങ്ങുന്നതിനിടെയാണ് സംഭവം. ഇതിനിടെ, ബൈക്കിലെത്തിയ ഒരു പുരുഷനും സ്ത്രീയും ധോണി പാവപ്പെട്ടവര്‍ക്ക് പണം നല്‍കുന്നുവെന്ന് പറഞ്ഞ് മധുദേവിയെ സമീപിച്ചു. പണം വിതരണം ചെയ്യുന്നിടത്തേക്ക് തന്നെ കൊണ്ടുപോകാമോയെന്ന് മധുദേവി ചോദിച്ചപ്പോള്‍ ബൈക്കിലെത്തിയവര്‍ സമ്മതിച്ചു. മധുദേവിയെയും ഒന്നര വയസ്സുള്ള മകളെയും കൂടെ കൊണ്ടുപോയി. മധുദേവിയുടെ എട്ട് വയസ്സുള്ള മകളെ കടയില്‍ തന്നെ നിര്‍ത്തി.

Signature-ad

ഹര്‍മുവിലെ ഇലക്ട്രിസിറ്റി ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസിനുള്ളില്‍ പണ വിതരണവുമായി ബന്ധപ്പെട്ട യോഗം നടക്കുന്നുണ്ടെന്ന് ഇവര്‍ മധുദേവിയോട് പറഞ്ഞു. മധുദേവിയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞതോടെ ബൈക്കിലുണ്ടായിരുന്നവര്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് ബൈക്കില്‍ കടന്നുകളഞ്ഞു. മധുദേവി ഇവരെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മധുദേവിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും അവ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ പാവപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് തന്നോട് പറഞ്ഞെന്ന് ആദ്യം അവകാശപ്പെട്ട മധുവേദി, പിന്നീട് ധോണിയുടെ പേരു പറഞ്ഞുവെന്ന് കബളിപ്പിച്ചെന്ന് മൊഴിമാറ്റിയതായി പൊലീസ് പറഞ്ഞു.

Back to top button
error: