CrimeNEWS

ഭാര്യവീട്ടില്‍ വേണുക്കുട്ടനെത്തിയത് പലഹാരപ്പൊതിയുമായി; ഒടുവില്‍ മകളുടെ മുന്നില്‍വച്ച് അരുംകൊല

പത്തനംതിട്ട: മകളുടെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിച്ചു. മല്ലപ്പള്ളി കുന്നന്താനം സ്മിത ഭവനില്‍ ശ്രീജ ജി.മേനോന്‍(38), ഭര്‍ത്താവ് കുന്നന്താനം വടവന വട്ടശേരിയില്‍ വേണുക്കുട്ടന്‍ നായര്‍(വേണു-48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ന് ശ്രീജയുടെ കുന്നന്താനത്തെ കുടുംബ വീട്ടിലായിരുന്നു സംഭവം.

കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ എട്ടുമാസമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. പതിനൊന്നുകാരിയായ മകള്‍ പവിത്രയ്‌ക്കൊപ്പം തന്റെ വീട്ടിലായിരുന്നു ശ്രീജയുടെ താമസം. വേണുവിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടെ ചില സാമ്പത്തിക തര്‍ക്കങ്ങളും ഉണ്ടായി. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു.

Signature-ad

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന വേണു മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ മകളെ കാണാനെന്ന പേരില്‍ പലഹാരപ്പൊതിയുമായാണ് വേണു വീട്ടില്‍ എത്തിയത്. വീടിന്റെ അടുക്കള ഭാഗത്തുവച്ച് ഇയാള്‍ ശ്രീജയുമായി വഴക്കുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശ്രീജയെ പലതവണ കുത്തി. കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. ശ്രീജ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയെങ്കിലും കുഴഞ്ഞുവീണു.

പിന്നീട് വേണു കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഓടിക്കൂടിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തും മുമ്പ് വേണു മരിച്ചു. ശ്രീജയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കീഴ് വായ്പൂര്‍ പൊലീസ് കേസെടുത്തു.

പരേതരായ മാധവന്‍ പിള്ളയുടേയും ഭാര്‍ഗവിയമ്മയുടേയും മകനാണ് വേണു. ഗോപിനാഥമേനോന്റെയും സതിയമ്മയുടേയും മകളാണ് ശ്രീജ. സ്മിത, സൗമ്യ എന്നിവരാണ് സഹോദരങ്ങള്‍. ശ്രീജയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. തെങ്ങണയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ. ചെങ്ങരൂര്‍ സെന്റ് തെരേസാസ് സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് മകള്‍ പവിത്ര.

Back to top button
error: