കൊച്ചി:2023 – 2024 സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ ഒഡീഷ എഫ് സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ വൈകിട്ട് എട്ടു മണിക്കാണ് മത്സരം.
ഈ സീസണിൽ കൊച്ചിയിൽ കളിച്ച മത്സരങ്ങളിലൊന്നിലും കേരള ബ്ലാസ്റ്റേഴ്സ് തോൽവിയറിഞ്ഞിട്ടില്ല രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ ഒരു കളി സമനിലയായി.
അതേ സമയം 10 മത്സര വിലക്കിനു ശേഷം മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) തിരിച്ചെത്തുന്ന മത്സരം കൂടിയാണ് ഒഡീഷ എഫ് സിക്ക് എതിരെയുള്ളത്.അതിനാൽ തന്നെ ജയത്തിൽ കുറഞ്ഞതൊന്നും മഞ്ഞപ്പട ആഗ്രഹിക്കുന്നുണ്ടാവില്ല.
ഒരു വമ്പൻ തിരിച്ചുവരവ് തന്നെയിരിക്കും ഇവാൻ വുകോമനോവിച്ചും ലക്ഷ്യം വയ്ക്കുന്നത്. ആശാന്റെ തിരിച്ചു വരവ് വമ്പൻ ജയത്തോടെ ആഘോഷിക്കണമെന്ന് മഞ്ഞപ്പട തീരുമാനിച്ചാൽ ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തീപാറുമെന്നുറപ്പ്.
മൂന്ന് മത്സരങ്ങളിൽ ഒരു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ സമ്മിശ്ര ഫലങ്ങളുമായി നാല് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ഒഡീഷ. ഏഴ് പോയിന്റുള്ള മഞ്ഞപ്പട നാലാം സ്ഥാനത്തും. ഒഡീഷയ്‌ക്കെതിരെ ജയിച്ച് ലീഗ് പോയിന്റ് ടേബിളിന്റെ മുൻനിരയിൽ തുടരാനുള്ള ശ്രമമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നടത്തുക.
മുംബൈ സിറ്റി എഫ് സിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട മിലോസ് ഡ്രിൻസിച്ച്, മൂന്ന് മത്സര സസ്‌പെൻഷൻ നേരിടുന്ന പ്രബീർ ദാസ് എന്നിവരുടെ അഭാവത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയ്ക്ക് എതിരേയും ഇറങ്ങുക. പരിക്കേറ്റ ഐബാൻബ ഡോഹ്ലിങ്ങും പ്രതിരോധത്തിലില്ല. 2023 – 2024 സീസണിൽ ഏറ്റവും കൂടുതൽ റിക്രൂട്ടിങ് നടന്നത് ഡിഫെൻസിലാണ്. എങ്കിലും നാല് മത്സരങ്ങളിൽ നാല് ഗോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വഴങ്ങി. ഒരു മത്സരത്തിൽ മാത്രമാണ് ക്ലീൻ ഷീറ്റുമായി കളം വിട്ടത്.
മധ്യനിരയിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ജീക്‌സൺ സിങിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഡാനിഷ് ഫറൂഖ് ബട്ട് ആയിരുന്നു സെന്റർ മിഡ്ഫീൽഡിൽ കളിച്ചത്. ഡൈസുകെ സകായിക്ക് പകരം മലയാളി താരം രാഹുൽ കെപി സ്റ്റാർട്ടിങ് ഇലവനിൽ എത്താൻ സാധ്യതയുണ്ട്. രാഹുലിനെ കളിയുടെ തുടക്കം മുതൽ കാണാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഏറെ ആഗ്രഹിക്കുന്നുണ്ട്. ഡൈസുകെ സകായിയെ ആക്രമണത്തിന് ഉപയോഗിച്ച് ഘാന താരം ഖ്വാമെ പെപ്രയെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയാലും അദ്ഭുതപ്പെടേണ്ട.