നെടുമ്ബാശ്ശേരി: ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആര്‍.ഐ.) വിഭാഗം നടത്തിയ പരിശോധനയില്‍ 2.15 കോടി രൂപയുടെ സ്വര്‍ണം പിടികൂടി.
അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍നിന്നാണ് ഡി.ആര്‍.ഐ. 3.461 കിലോ സ്വര്‍ണം പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരെത്തി വിമാനത്തില്‍ പരിശോധന നടത്തി സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. സ്വര്‍ണ ബിസ്‌കറ്റുകളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സ്വര്‍ണ മിശ്രിതവുമാണ് ശൗചാലയത്തില്‍ ഒളിപ്പിച്ചിരുന്നത്.
ഇൻഡിഗോ വിമാനം അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ ശേഷം തുടര്‍ന്ന് ആഭ്യന്തര സര്‍വീസാണ് നടത്തുന്നത്. സ്വര്‍ണക്കടത്ത് സംഘത്തില്‍ പെട്ടയാള്‍ ഈ വിമാനത്തില്‍ കൊച്ചിയില്‍നിന്ന് ആഭ്യന്തര യാത്രക്കാരനായി കയറി സ്വര്‍ണം എടുത്ത് പരിശോധന കൂടാതെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു.