132 റണ്‍സിനായിരുന്നു കേരളം സിക്കിമിനെ മുട്ടുകുത്തിച്ചത്. കേരളം ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിക്കിമിന്റെ ഇന്നിങ്സ് ഒന്‍പത് വിക്കറ്റിന് 89 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 20 ഓവറില്‍ വെറും മുന്ന് വിക്കറ്റ് നഷ്ടത്തിലാണ് 221 റണ്‍സ് എടുത്തത്.കേരളത്തിനായി ഓപ്പണര്‍ രോഹണ്‍ കുന്നുമ്മല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി. മൂന്നമാനായി ഇറങ്ങിയ വിഷ്ണു വിനോദ് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.
വെറും 56 പന്തില്‍ 14 ഫോറും രണ്ട് സിക്സും സഹിതം 101 റണ്‍സാണ് രോഹണ്‍ എസ് കുന്നുമ്മല്‍ അടിച്ചെടുത്തത്. ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് എയിലും യഥാക്രമം നാലും മൂന്നും സെഞ്ച്വറി നേടിയിട്ടുളള രോഹണിന്റെ ആദ്യ ടി20 സെഞ്ച്വറിയാണിത്.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന വിഷ്ണു വിനോദ് ആകട്ടെ 43 പന്തില്‍ 11 ഫോറും മൂന്ന് സിക്സും സഹിതം 79 റണ്‍സെടുത്ത് പുറത്തായി. ഇതാദ്യമായി കേരളത്തിനായി കളിച്ച എം അജ്നാല് 15 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 25 റണ്‍സെടുത്ത് തുടക്കം ഹംഭീരമാക്കി.
സിക്കിമിനായി പാല്‍സോര്‍ നാലോവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. സപ്തുല ഒരു വിക്കറ്റും സ്വന്തമാക്കി.
നിലവില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കളിച്ച നാല് മത്സരവും ജയിച്ചാണ് കേരളം സ്വപ്നക്കുതിപ്പ് നടത്തുന്നത്. പോയന്റ് പട്ടികയില്‍ 16 പോയന്റുമായി കേരളമാണ് മുന്നില്‍. സിക്കിമിനാകട്ടെ ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല.