ഹൈദരാബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽ പലസ്തീൻ അനുകൂല പരിപാടി നടക്കാനിരുന്ന വേദിക്ക് പുറത്ത് വിദ്യാർഥിനിക്ക് നേരെ ബലാത്സംഗശ്രമം. പലസ്തീൻ അനുകൂല പരിപാടിയിൽ പങ്കെടുക്കാനെത്തിയെന്ന് കരുതിയാണ് തനിക്ക് നേരെ രാത്രി പത്ത് മണിയോടെ രണ്ട് അജ്ഞാതരായ അക്രമികൾ ലൈംഗികാതിക്രമം നടത്തിയതെന്ന് വിദ്യാർഥിനി പറയുന്നു.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഹോസ്റ്റലിലേക്ക് നടക്കുകയായിരുന്ന വിദ്യാർഥിനിയെ മുഖംമൂടി ധരിച്ച രണ്ട് അജ്ഞാതർ തടഞ്ഞ് നിർത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പലസ്തീൻ അനുകൂല പ്രകടനം നടക്കാനിരുന്ന വേദിക്ക് അരികിൽ പെൺകുട്ടിയെ കണ്ടെന്ന് പറഞ്ഞ അക്രമികൾ അവരെ വലിച്ചിഴച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അസഭ്യം പറയുകയും ബലാത്സംഗശ്രമം നടത്തുകയും ചവിട്ടുകയും അടിക്കുകയും ചെയ്തു. തൊട്ടടുത്ത വഴിയിലൂടെ മറ്റാരോ നടന്ന് വരുന്ന ശബ്ദം കേട്ടതോടെ ഇവർ ഓടിപ്പോയതെന്ന് വിദ്യാർഥിനി പറഞ്ഞു. ആ വഴി വന്ന മറ്റ് വിദ്യാർഥികളാണ് കാട്ടിൽ അവശയായി കിടന്ന വിദ്യാർഥിനിയെ നിലവിളി കേട്ട് പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്.
സംഭവം ക്യാമ്പസിൽ അറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അഡ്മിനിസ്‌ട്രേഷൻ ബിൽഡിംഗിന് മുന്നിൽ കുത്തിയിരുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധം നടത്തിയ 11 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയതിന് പിന്നാലെ തന്നെ വിദ്യാർഥിനി പരാതി നൽകിയെന്നും, എന്നാൽ ഇത് കേൾക്കാൻ പോലും സർവകലാശാലാ അധികൃതർ തയ്യാറായില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. 130ഓളം സെക്യൂരിറ്റി ഗാർഡുകളും 50 സിസി ടിവി ക്യാമറകളുമുള്ള ക്യാമ്പസിലാണ് ഇത്തരം അക്രമം നടന്നത്. ഇതിൽ ശക്തമായ നടപടിയുണ്ടാവും വരെ സമരം തുടരുമെന്നും വിദ്യാർഥികൾ വ്യക്തമാക്കുന്നു.
സംഭവത്തിൽ ശക്തവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഗുരുതരമായ സംഭവം ഉണ്ടായിട്ടും, കേന്ദ്ര സർവകലാശാലയുടെ അഡ്മിനിസ്ട്രേഷൻ നടപടികൾ കൈക്കൊണ്ടിട്ടില്ല. ക്യാമ്പസ് വളപ്പിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ കേസ് കൈകാര്യം ചെയ്യുന്നതിൽ സർവകലാശാലാ അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്നും നിഷ്‌ക്രിയത്വമാണുള്ളതെന്നും ശിവദാസൻ പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും കേസിൽ ശക്തവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇഫ്‌ലുവിൽ പഠിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ രേഖാ ശർമയ്ക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും കത്ത് നൽകിയിട്ടുണ്ടെന്നും ശിവദാസൻ പറഞ്ഞു.